Monday, May 20, 2024
spot_img

സംസ്ഥാനത്ത് താറുമാറായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം; ടെലിഫോൺ പോലുമില്ലാതെ ഓഫീസുകൾ; വിളിച്ചാൽ പോലും കിട്ടുന്നില്ലെന്ന് പരാതി

തിരുവനന്തപുരം; സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന്റെ (Education Department Of Kerala) പ്രവർത്തനത്തിനെതിരെ വ്യാപക പരാതി. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം പോലും നേരെ പ്രവർത്തിക്കുന്നില്ലെന്നാണ് പ്രധാന പരാതി.

അതേസമയം സ്ഥാപനങ്ങളിലേക്ക് വിളിക്കാനുള്ള ഫോൺ നമ്പറോ മറ്റൊ ഇല്ലെന്ന് പരാതി ശക്തമായതോടെ എല്ലാ ഓഫീസുകളിലും ടെലിഫോൺ കാര്യക്ഷമമാക്കാൻ ഉത്തരവിറക്കി. പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ ഉണ്ടാകണം. പ്രവർത്തനക്ഷമമല്ലാത്ത ഫോൺ കണക്ഷനുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാൻ നടപടി വേണം.

അത് സാധ്യമല്ലെങ്കിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷൻ എടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഓരോ ദിവസവും ഓഫീസിലേക്ക് വരുന്ന കോളുകൾ അറ്റൻഡ് ചെയ്യാൻ ഓഫീസ് മേധാവി റൊട്ടേഷൻ അടിസ്ഥാനത്തിൽ ഓഫീസ് ജീവനക്കാർക്ക് ചുമതല ഉത്തരവ് വഴി നൽകണം.

ടെലിഫോൺ വഴി പരാതി ലഭിക്കുകയാണെങ്കിൽ അത് കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം. തുടർ നടപടി രണ്ടാഴ്ചയിലൊരിക്കൽ ഓഫീസ് മേധാവി വിലയിരുത്തണം. ഓഫീസ് പരിശോധനാ വേളയിൽ ബന്ധപ്പെട്ട അധികാരികൾ ഈ രജിസ്റ്റർ നിർബന്ധമായും പരിശോധിക്കണം. അതാത് കാര്യാലയങ്ങളിൽ നിന്നും അയക്കുന്ന കത്തിടപാടുകളിൽ കാര്യാലയത്തിന്റെ ഫോൺ നമ്പർ, ഔദ്യോഗിക ഇ-മെയിൽ ഐ.ഡി. എന്നിവ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. സ്‌കൂൾ/ഓഫീസിലേക്ക് വരുന്ന ഫോൺ കോളുകൾക്ക് കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നൽകേണ്ടതാണ്. ഇക്കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് അതാതു സ്ഥാപനങ്ങളുടെ മേൽനോട്ട ചുമതലയുള്ള ജില്ലാ – ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലെ സീനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ചുമതലപ്പെടുത്തേണ്ടതാണ് എന്നും മന്ത്രി അറിയിച്ചു.

Related Articles

Latest Articles