നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ കൂടുതല്‍ പരാതി. ഉല്ലാസം സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്ക് കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് പരാതി.
25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു ഷെയ്ന്‍ കരാര്‍ ഒപ്പിട്ടത്. എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്നായിരുന്നു ഷെയ്ന്റെ നിലപാട്. നിര്‍മാതാവുമായി സംസാരിക്കുന്ന ഷെയ്ന്റെ ശബ്ദരേഖ പുറത്തുവരികയും ചെയ്തു.
അതിനിടെ ഷെയിന്‍ നിഗമിനെതിരായ പരാതിയില്‍ തുടര്‍ നടപടി ആലോചിക്കുന്നതിനായി നിര്‍മാതാക്കളുടെ സംഘടനാ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുക. ഇന്നലെ നടത്താന്‍ തീരുമാനിച്ചെങ്കിലും ഭാരവാഹികള്‍ എത്താത്തതിനെ തുടര്‍ന്ന് യോഗം ഇന്ന് നടത്താന്‍ മാറ്റിവെക്കുകയായിരുന്നു. പുതിയ സിനിമകളില്‍ ഷെയിനിനെ സഹകരിപ്പിക്കാതിരിക്കുന്നതടക്കമുള്ള നടപടികളില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.

