Sunday, January 11, 2026

കൈക്കൂലി നൽകിയില്ല ; 12 വയസ്സുകാരന് ഡോക്ടർ ചികിത്സ നിഷേധിച്ചെന്ന് പരാതി, സൈക്കിളിൽ നിന്ന് വീണു പരിക്കേറ്റ കുട്ടിയുമായി മാതാപിതാക്കൾ നിന്നത് മണിക്കൂറുകളോളം

ഇടുക്കി : തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിൽ 12 വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി.ഇന്നലെ രാവിലെ 11 മണിയോടെയാണ് സൈക്കിളിൽ നിന്നുവീണ മകനൊപ്പം വണ്ണപ്പുറം സ്വദേശി രാജേഷ് ജില്ലാ ആശുപത്രിയിൽ എത്തിയത്. ഡോക്ടറുടെ പരിശോധനയിൽ കൈക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ തുടർ ചികിത്സ നടത്തണമെങ്കിൽ പണം വേണമെന്നും പണം ഇല്ലെങ്കിൽ ചികിത്സ നടത്താൻ കഴിയില്ലെന്നും ഡോക്ടർ പറഞ്ഞതായി രാജേഷ് പരാതിയിൽ പറഞ്ഞു.

തന്നെയും മകനെയും അത്യാഹിത വിഭാഗത്തിൽ നിന്ന് ഇറക്കി വിട്ടെന്നും പരാതിയിൽ പറയുന്നുണ്ട്.മണിക്കൂറുകളോളം കാത്ത് നിന്നിട്ടും യാതൊരു ദയയും കാണിച്ചില്ലെന്നും പ്രാഥമിക ശുശ്രൂഷ പോലും കുട്ടിക്ക് നൽകിയില്ലെന്നും രാജേഷ് പോലീസിനോട് പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ചികിത്സാ നിഷേധത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ആരോപണവിധേയനായ ഡോക്ടറുടെ പ്രതികരണം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles