മേപ്പാടി: വയനാട് ദുരന്ത മുഖത്ത് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തകർക്ക് സർക്കാർ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ബ്രെഡും ബണ്ണുമെന്ന് പരാതി. ദുരന്തമുഖത്തെ സാഹചര്യം കൊണ്ട് രക്ഷാപ്രവർത്തകർ പ്രത്യക്ഷമായി പരാതിപ്പെടാൻ തയ്യാറായില്ലെങ്കിലും കാലാവധി കഴിഞ്ഞ ബ്രഡ്ഡിന്റെയും ബണ്ണിന്റെയും ദൃശ്യങ്ങൾ ചില വാർത്താ ചാനലുകൾ പുറത്തുവിട്ടു.
നേരത്തെ വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ സൗജന്യമായി സന്നദ്ധ പ്രവർത്തകർ ഭക്ഷണം നൽകിയിരുന്നു. എന്നാൽ ദുരന്ത ഭൂമിയിൽ സർക്കാർ മാത്രം ഭക്ഷണം മാത്രം നൽകിയാൽ മതിയെന്ന നിർബന്ധബുദ്ധിയെ തുടർന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിൽ നിന്ന് സന്നദ്ധ പ്രവർത്തകരെ ഇന്ന് മുതൽ സർക്കാർ വിലക്കി. പിന്നാലെ രാവിലെ തെരച്ചിൽ സംഘങ്ങളിലെ പലർക്കും പ്രഭാതഭക്ഷണം ഉൾപ്പെടെ ലഭിച്ചില്ലെന്ന പരാതിയും ഉയർന്നു.
രാഷ്ട്രീയ വ്യത്യാസം നോക്കാതെയാണ് പലരും സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ സർക്കാർ നിലപാടിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത് കർശനമായി വിലക്കണമെന്ന നിലപാട് സ്വീകരിച്ചത്. ഭക്ഷണം ആവശ്യമുണ്ട് എന്ന് പറഞ്ഞ് നാട്ടിലാകെ പണം പിരിച്ച് അതിന്റെ ഭാഗമായ ഒരു നിലപാട് സ്വീകരിച്ചാൽ ആര് ഉത്തരം പറയുമെന്നായിരുന്നു മാദ്ധ്യമങ്ങളോട് മന്ത്രിയുടെ ചോദ്യം.

