കാസര്ഗോഡ് മൊഗ്രാല്പുത്തൂര് പഞ്ചായത്തില് സ്ത്രീയെ വിഇഒ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയില് വീടിനായി നല്കിയ രേഖകള് തിരിച്ച് വാങ്ങാനെത്തിയ അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിയെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഓഫിസിൽ വിഇഒ എം.അബ്ദുൽ നാസർ വാതിലിന്റെ ഓടാമ്പലിട്ടു പൂട്ടി പുറത്തു പോയെന്നാണ് പരാതി. തുടർന്നുണ്ടായ ബഹളത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രമീള മജലും മറ്റ് അംഗങ്ങളും ബഹളം വച്ചതോടെയാണ് തുറന്നുവിട്ടത്. സംഭവത്തിൽ സാവിത്രിയുടെ പരാതിയിൽ വിഇഒക്കെതിരെ കേസെടുത്തു.തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം വരുത്തിയെന്നാരോപിച്ച് വിഇഒ അബ്ദുൽ നാസർ നൽകിയ പരാതിയിൽ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രമീള മജൽ, സാവിത്രി, ഉഷ തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ലൈഫ് പദ്ധതിയില് സാവിത്രിയും ഉള്പ്പെട്ടിട്ടുണ്ടെന്ന് മൊഗ്രാല് പുത്തൂര് പഞ്ചായത്തില് നിന്ന് അറിയിച്ചതിനെ തുടര്ന്ന് സാവിത്രി ഒരുക്കങ്ങള് നടത്തിയിരുന്നു. അധികൃതരുടെ നിര്ദേശ പ്രകാരം ഉണ്ടായിരുന്ന കൂര പൊളിച്ച് സ്ഥലമൊരുക്കി. പക്ഷേ പിന്നീട് അധികൃതര് തിരുത്തി. വീട് അനുവദിച്ചത് മറ്റൊരു സാവിത്രിക്കായിരുന്നു. ഇതോടെ നല്കിയ രേഖകള് തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ടാണ് സാവിത്രി പഞ്ചായത്തിലെത്തിയത്. പല തവണ ഓഫിസ് കയറിയിറങ്ങിയ സാവിത്രി, താൻ നൽകിയ എല്ലാ രേഖകളും തിരികെ നൽകാൻ ആവശ്യപ്പെട്ടായിരുന്നു വിഇഒയെ സമീപിച്ചത്. കരാറുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ വിഇഒ തയാറാകാതിരുന്നതാണ് പിന്നീട് തർക്കത്തിനിടയാക്കിയത്. രേഖകൾ മുഴുവനും തിരിച്ച് നല്കാന് തയ്യാറാകാത്തതിനെ തുടര്ന്ന് വിഇഒ ഓഫീസില് കുത്തിയിരിക്കുകയായിരുന്നുവെന്ന് സാവിത്രി പറഞ്ഞു. പുറത്ത് പോകാന് തയ്യാറാകാത്തതോടെ വിഇഒ ഓഫീസില് പൂട്ടിയിട്ടെന്നും ഇവര് ആരോപിക്കുന്നു.
സാവിത്രിയുടെ ആരോപണം തെറ്റാണെന്നാണെന്നും പരാതി രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് വിഇഒയുടെ വിശദീകരണം. തന്നോട് ചെയ്ത അനീതിക്കെതിരെ ജില്ലാ കളക്ടര്ക്ക് പരാതി നല്കിയിരിക്കുകയാണ് സാവിത്രി.

