Sunday, September 20, 2026

പാലക്കാട് ആരോപണ ചൂടിൽ വലഞ്ഞ് കോൺഗ്രസ് ! പാർട്ടിക്ക് തലവേദനയായി നീല ട്രോളി ബാഗ് ആരോപണത്തിന് പിന്നാലെ സ്പിരിറ്റ് ആരോപണവും

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നീല ട്രോളി ബാഗ് ആരോപണത്തിന് പിന്നാലെ കോൺഗ്രസിനെതിരെ മറ്റൊരു ആരോപണം കൂടി ഉയർത്തി സിപിഎം. മണ്ഡലത്തിൽ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന ആരോപണമാണ് സിപിഎം പുതുതായി ഉയർത്തുന്നത്. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലെ തെങ്ങിന്‍തോപ്പില്‍ സൂക്ഷിച്ച നിലയില്‍ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെടുത്തിയാണ് ആരോപണം. ഗോപാലപുരം കേന്ദ്രത്തില്‍ നിന്ന് 1300 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ കയ്യില്‍ നിന്നാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ സഹോദരന്റെ മകനാണ് കേസില്‍ പ്രതി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.

സംഭവത്തില്‍ വണ്ണാമട സ്വദേശി എ മുരളി(50)യെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. നിലവില്‍ സ്പിരിറ്റ് പിടികൂടിയ തോപ്പില്‍ കള്ള് ചെത്ത് നടത്തുന്നില്ല. മുന്‍പ് ചെത്തിയിരുന്ന സമയത്ത് സ്ഥാപിച്ച ഷെഡില്‍ നിന്നാണ് വന്‍ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. 1326 ലിറ്റര്‍ സ്പിരിറ്റ് 39 കന്നാസുകളിലായാണ് സൂക്ഷിച്ചിരുന്നത്.

Related Articles

Latest Articles