മുന്‍ കോണ്‍ഗ്രസ് വക്താവും അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായിരുന്ന രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ദേ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ് രോഹന്‍ ഗുപ്ത ബിജെപി അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസിന് നേതൃത്വവും വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്നും രാമക്ഷേത്രം, സി.എ.എ, പോലുള്ള വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടും എ.എ.പിയുമായുള്ള സഖ്യവും പാര്‍ട്ടിയുടെ വിശ്വസ്യത നഷ്ടപ്പെടുത്തിയെന്നും ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം അദ്ദേഹം പ്രതികരിച്ചു.
അച്ഛന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി അഹമ്മദാബാദ് ഈസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചശേഷം കഴിഞ്ഞമാസമാണ് രോഹന്‍ ഗുപ്ത കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചത്. നിരന്തരമുള്ള അപമാനവും വ്യക്തിഹത്യയും മൂലമാണ് തനിക്ക് പാര്‍ട്ടി വിടേണ്ടി വന്നതെന്ന് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മെയ് ഏഴിന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുക. നിലവില്‍ ഗുജറാത്തിലെ 26 സീറ്റിലും ബിജെപിയാണ് വിജയിച്ചിരിക്കുന്നത്. ഇത്തവണയും ഗുജറാത്തിൽ കോൺഗ്രസിനോ ഇൻഡി മുന്നണിക്കോ വലിയ പ്രതീക്ഷകളില്ല .

