Sunday, April 28, 2024
spot_img

കോൺഗ്രസിന് ഇന്നത്തെ സാഹചര്യത്തിൽ നികത്താനാകാത്ത നഷ്ടം !ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സമകാലിക കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനേതാവും അന്തരിച്ച മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . വൈകുന്നേരം നാലു മണിയോടെ ഔദ്യോഗിക വസതിയിൽനിന്ന് സെക്രട്ടേറിയറ്റിലെത്തിയ മുഖ്യമന്ത്രി 6.45 ഓടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനുമൊപ്പം ദർബാർ ഹാളിലേക്കെത്തി.

നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹമടങ്ങിയ ആംബുലൻസ് ദർബാർ ഹാളിനു മുന്നിലേക്കെത്തി. ജനങ്ങളുടെ ചാണ്ടി സാറിനെ കാണാൻ ജനം തിക്കിത്തിരക്കിയപ്പോൾ ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹം ഹാളിലേക്ക് കയറ്റിയത്. മുഖ്യമന്ത്രി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഭാര്യ മറിയാമ്മ ഉമ്മനെയും മക്കളായ അച്ചു ഉമ്മനെയും മറിയം ഉമ്മനെയും ചാണ്ടി ഉമ്മനെയും അദ്ദേഹം ആശ്വസിപ്പിച്ചു.

” ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ വലിയ അധ്യായമാണ് കടന്നുപോകുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ഉമ്മൻ ചാണ്ടി പിന്നീട് ഓരോ ഘട്ടത്തിലും സജീവമായി രംഗത്തുണ്ടായിരുന്നു. യുവജന പ്രവർത്തകൻ എന്ന നിലയിലെ വീറും വാശിയും അവസാനംവരെ നിലനിർത്തി. അതനുസരിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയി. മനുഷ്യത്വപരമായ നിലപാടാണ് അദ്ദേഹം എക്കാലവും സ്വീകരിച്ചത്. രാഷ്ട്രീയത്തിന്റെ തുടക്കം മുതൽ രണ്ടു ചേരിയിലായിരുന്നെങ്കിലും നല്ല സൗഹൃദം പുലർത്താൻ കഴിഞ്ഞു. കോൺഗ്രസിന്റെ നട്ടെല്ലായി പ്രവർത്തിച്ച ഉമ്മൻ ചാണ്ടി ഒരു ഘട്ടത്തിൽ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി വളർന്നു. കോൺഗ്രസിന് ഇന്നത്തെ സാഹചര്യത്തിൽ നികത്താൻ കഴിയാത്ത നഷ്ടമാണ്” – മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles