Friday, October 9, 2026

“എന്തിനാണ് ബസിന്റെ അകത്ത് കിടപ്പുമുറിയും അടുക്കളയും ?ആർക്കെങ്കിലും ഇരിക്കാൻ കഴിയാത്ത വല്ല അസുഖവുമുണ്ടോ?”- നവകേരള സദസ്സ് യാത്രയെ പരിഹസിച്ച് കോൺഗ്രസ് എംപി കെ.മുരളീധരൻ

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസ്സ് യാത്രയെ പരിഹസിച്ച് കോൺഗ്രസ് എം പി കെ.മുരളീധരൻ. ഈ മാസം 18 മുതൽ ഡിസംബർ 24 വരെ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും സഞ്ചരിക്കുന്ന ബസ്സിനെക്കുറിച്ചാണ് മുരളീധരന്റെ പരാമർശം. മന്ത്രിമാർക്ക് സഞ്ചരിക്കാൻ വേണ്ടി മാത്രം പ്രത്യേക ബസ് വാങ്ങി വിപുലമായ സൗകര്യങ്ങളൊരുക്കാൻ ധനവകുപ്പ് 1.05 കോടി രൂപ അനുവദിച്ചത് വിവാദമായിരുന്നു.

റോഡിലൂടെ ഓടുന്ന പ്ലെയിനാണ് സജ്ജീകരിക്കുന്നതെന്നും മന്ത്രിമാർക്ക് വിശ്രമിക്കാൻ കേരളത്തിൽ ധാരാളം റസ്റ്റ് ഹൗസും ഗസ്റ്റ് ഹൗസും ഉണ്ടന്നിരിക്കെ വിപുലമായ ആവശ്യങ്ങൾ ബസിൽ ഒരുക്കേണ്ടതില്ലെന്നും കെ.മുരളീധരൻ ചൂണ്ടിക്കാട്ടി. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഇവര് യാത്ര തുടങ്ങുവാണ്…, ഇത് ബസ് യാത്രയല്ല ശരിക്കും. റോഡിലൂടെ ഓടുന്ന പ്ലെയിനാണ് ഇപ്പോൾ സജ്ജീകരിക്കുന്നത്. ഈ ബസിന്റെ പകുതി ഭാഗം മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള സ്പെഷൽ ക്യാബിനാണ്. 20 മന്ത്രിമാർ തിക്കിതിരക്കി ഇരിക്കുവാണ് ഒരു ബസിന്റെ പകുതി ഭാഗത്ത്. പകുതി മുഖ്യമന്ത്രിക്ക് മുഴുവനാണ്. അപ്പോ ഞാൻ ചോദിക്കട്ടെ ജന്മി കുടിയാൻ ബന്ധം അവസാനിച്ചോ കേരളത്തിൽ?

പിന്നെ അതിന്റെ കൂടെ ഒരു കിടപ്പുമുറിയും. ഇപ്പോ പയ്യന്നൂർ വന്നു കഴിഞ്ഞാൽ, അടുത്ത പോയിന്റ് പഴയങ്ങാടിയാണ്… മറ്റേ കല്യാശേരിയുടെ പോയിന്റ്. ഇവിടുന്ന്, അവിടെയെത്തുന്ന ആ സമയം കൊണ്ട് ആർക്കെങ്കിലും എന്താ ഇരിക്കാൻ കഴിയാത്ത വല്ല അസുഖവുമുണ്ടോ? അല്ലാണ്ട് എന്തിനാണ് ഈ ബസിന്റെ അകത്ത് കിടപ്പുമുറി? പിന്നെ അടുക്കള, ഇവിടുന്ന് ഒരു ചായ കുടിക്കുക, അവിടെയെത്തിയിട്ട് ചായ കുടിച്ചാൽ പോരെ? അത്രദൂരമല്ലേ ഉള്ളു. എന്തായിത് നടന്ന് ഭക്ഷണം കഴിക്കലാ.. ബസ് യാത്രയിൽ? പിന്നെ ശുചിമുറി. ഇവിടെ ഇഷ്ടം പോലെ ഗസ്റ്റ് ഹൗസും റസ്റ്റ് ഹൗസും ഒക്കെ ഉണ്ടല്ലോ? ഇത് അത്രയും ക്ഷമിച്ച് ഇരിക്കാതെ തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ നടന്ന് പെടുക്കലാ ഈ ബസ് യാത്രയെന്ന് പറയുമ്പോൾ. അപ്പോ ഇങ്ങനെയാണ് കേരളത്തിന്റെ അവസ്ഥ. ധൂർത്താണ് എല്ലാം’’– കെ.മുരളീധരൻ പറഞ്ഞു.

Related Articles

Latest Articles