Saturday, April 20, 2024
spot_img

കോണ്‍ഗ്രസിന്റെ അഞ്ചാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി: ഓരോ ദിവസവും ഓരോ എംഎല്‍എ എന്ന നിലയിൽ കോൺഗ്രസ്‌ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു

ദില്ലി : കോണ്‍ഗ്രസിന്റെ അഞ്ചാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ആന്ധ്രപ്രദേശ്, അസം, ഒഡീഷ, തെലങ്കാന, യുപി, പശ്ചിമബംഗാള്‍ , തുടങ്ങിയ സംസ്ഥാനങ്ങളിലെ 56 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ലക്ഷദ്വീപില്‍ മുന്‍ എംപി ഹമദുള്ള സയീദ് മത്സരിക്കും.

സിപിഎം സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ചിലും മുര്‍ഷിദാബാദിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. റായ്ഗഞ്ചില്‍ ദീപാദാസ് മുന്‍ഷിയും മുര്‍ഷിദാബാദില്‍ അബു ഹേനയും സ്ഥാനാര്‍ത്ഥികളാകും.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തെലങ്കാനയില്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുകയാണ്. എട്ടുമാസത്തിനുള്ളില്‍ ആകെയുള്ള 19 എംഎല്‍എമാരില്‍ എട്ട് പേരും മൂന്നു മാസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടു. കോത്തഗുഡം എംഎല്‍എ വനമ വെങ്കട്ടേശ്വര റാവുവാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടി വിട്ട് ടിആര്‍എസ്സില്‍ ചേര്‍ന്നത്. ആവശ്യമെങ്കില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

119 അംഗ സഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുണ്ടായിരുന്നത്. ഇത് മൂന്നു മാസം കൊണ്ട് 11 ആയി ചുരുങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്. ഇതോടുകൂടി പ്രധാന പ്രതിപക്ഷമെന്ന പദവിയും കോണ്‍ഗ്രസിന് നഷ്ടമാകുന്ന സ്ഥിതിയാണ്.

പ്രതിപക്ഷ പദവി നിലനിര്‍ത്തണമെങ്കില്‍ 12 എംഎല്‍എമാര്‍ എങ്കിലും വേണം. നാല് എംഎല്‍എമാര്‍ കൂടി ടിആര്‍എസ് നേതൃത്വവുമായി ബന്ധപ്പെട്ട് വരുകയാണ്. വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ടിആര്‍എസില്‍ ലയിക്കുന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നല്‍കാനും നീക്കമുണ്ട്. മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ മറുകണ്ടം ചാടിയാല്‍ കൂറുമാറ്റം ബാധകമാകില്ല.

Related Articles

Latest Articles