ഗാന്ധിജയന്തി ആഘോഷത്തിനിടെ കൈകളിൽ ദേശീയ പതാക പിടിച്ചിരുന്ന കോൺഗ്രസ് പ്രവർത്തകനെക്കൊണ്ട് തന്റെ ഷൂസ് ഊരി മാറ്റിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തിൽ. ഗാന്ധി സ്മാരകത്തിൽ പ്രവേശിക്കുന്നതിന് തൊട്ടു മുമ്പാണ് സിദ്ധരാമയ്യ പ്രവർത്തകനെക്കൊണ്ട് ഷൂസ് ഊരിമാറ്റിച്ചത്. സംഭവം മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാൾ ഉടൻ പ്രവർത്തകന്റെ കയ്യിൽ നിന്ന് ദേശീയ പതാക മാറ്റി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. സമൂഹ മാദ്ധ്യമങ്ങളിലടക്കം സിദ്ധരാമയ്യയ്‌ക്കെതിരെ രൂക്ഷ വിമർശനമുയരുകയാണ്.
സിദ്ധരാമയ്യ അഴിമതിയുടെ പോസ്റ്റർ ബോയ് ആണെന്നും ത്രിവർണ പതാകയെയും മഹാത്മാഗാന്ധിയുടെ തത്വങ്ങളെയും അവഹേളിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെസാദ് പൂനാവാല ആരോപിച്ചു.
2016 ലും മറ്റൊരാളെക്കൊണ്ട് ഷൂസ് ധരിപ്പിച്ച് സിദ്ധരാമയ്യയുടെ വിവാദത്തില്‍ പെട്ടിരുന്നു.
മൈസൂരുവിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഹാളില്‍ നിന്ന് പുറത്തേക്ക് വരവെയാണ് സിദ്ധരമായ്യ മറ്റൊരാളെക്കൊണ്ട് ഷൂസ് ധരിപ്പിക്കുന്നതും ഷൂലേസ് കെട്ടിക്കുന്നതും. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വ്യാപകവിമർശനമാണ് സിദ്ധരാമയ്യയ്‌ക്കെതിരെ ഉണ്ടായത്.

