Sunday, May 12, 2024
spot_img

കണ്ടയ്നർ ക്ഷാമം, ശബരിമലയിലെ അരവണവിതരണത്തിൽ വീണ്ടും പ്രതിസന്ധി, കരാറുകാരൻ കണ്ടയ്നർ എത്തിക്കുന്നതിൽ വീഴചവരുത്തിയെന്ന് ദേവസ്വം ബോർഡ്

ശബരിമല: കണ്ടെയ്നർ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. പ്രതിസന്ധിയെ തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ ഒരു തീർത്ഥാടകന് 10 ടിൻ അരവണ വീതം മാത്രമാണ് നൽകുന്നത്. മൂന്ന് ലക്ഷം ടിന്‍ മാത്രമാണ് നിലവില്‍ കരുതല്‍ ശേഖരത്തിലുള്ളത്. മണ്ഡലപൂജക്ക് ശേഷം നടയടക്കുന്ന ദിവസങ്ങളില്‍ ഉൽപാദനം പരമാവധി വർദ്ധിപ്പിച്ച് കൂടുതൽ അരവണ ശേഖരിക്കുന്നതായിരുന്നു മുൻവർഷങ്ങളിലെ രീതി. എന്നാല്‍, കണ്ടെയ്നർ ക്ഷാമത്തെ തുടര്‍ന്ന് ഇക്കുറി അതിന് സാധിച്ചില്ല.

ഒരുലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രണ്ടരലക്ഷം അരവണയെങ്കിലും പ്രതിദിനം ആവശ്യമായി വരും. ശർക്കര ക്ഷാമത്തെ തുടർന്ന് മണ്ഡലകാലത്തിൻ്റെ അവസാന ദിവസങ്ങളില്‍ അരവണ പ്രസാദ വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അത് പരിഹരിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് കണ്ടെയ്നർ ക്ഷാമം മൂലം അരവണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്.

മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് രണ്ട് കരാറുകാർക്കായി രണ്ടുകോടി കണ്ടെയ്നറുകൾക്കാണ് ഓർഡർ നൽകിയിരുന്നത്. ഇതില്‍ ഒരു കരാറുകാരന്‍ കണ്ടെയ്‌നര്‍ എത്തിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് ദേവസ്വം ബോർഡ് അധികൃതരിൽനിന്ന് ലഭിക്കുന്ന വിവരം. വീഴ്ച വരുത്തിയ കരാറുകാരന് നോട്ടീസ് നല്‍കുകയും ആലപ്പുഴ സ്വദേശിയായ മറ്റൊരാള്‍ക്ക് പകരം കരാര്‍ നല്‍കുകയും ചെയ്തതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Related Articles

Latest Articles