Sunday, April 28, 2024
spot_img

പ്രവേശനോത്സവത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; കോട്ടയം സിഎംഎസ് കോളേജിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം; എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്,കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: സിഎംഎസ് കോളജിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം. പ്രവേശനോത്സവത്തിൽ കോളേജിനുള്ളിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും മൂന്ന് കെ.എസ്.യു പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലും സംഘർഷമുണ്ടായി.

കഴിഞ്ഞ ദിവസം വൈകിട്ട് ആരംഭിച്ച സംഘർഷം രാത്രി 9.15 ഓടെ ജനറൽ ആശുപത്രിക്ക് മുന്നിലേക്കും നീളുകയായിരുന്നു. സിഎംഎസ് കോളേജിനു മുന്നിലെ റോഡിലാണ് വൈകിട്ടോടെ ആദ്യം സംഘർഷമുണ്ടായത്. മൂന്നരയോടെ തുടങ്ങിയ ബഹളം ആറുവരെ നീണ്ടു. ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കേറ്റം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. വൈകിട്ടുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ ജനറലാശുപത്രിയിൽ പ്രവേശിപ്പിക്കാൻ എത്തിയതിനേത്തുടർന്നാണ് ഇവിടെയും വാക്കേറ്റവും സംഘർഷവുമുണ്ടായത്.

സിഎംഎസ് കോളേജിലെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ – കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

Related Articles

Latest Articles