Monday, September 28, 2026

കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർത്ഥിനികൾ സ്കൂളിലേക്ക് വരുന്നത് പേടിയോടെ

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ യു.പി വിദ്യാർത്ഥികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്ത സംഭവം വിവാദമായതോടെ പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ. സ്‌കൂളിലെ പ്രധാനാധ്യാപകനായ വിന്‍സെന്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കോട്ടണ്‍ഹില്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററായ വിന്‍സെന്റ് കോവിഡ് കാലത്ത് ചാരായക്കേസിലെ റിമാന്‍ഡ് പ്രതിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇദ്ദേഹത്തിനെതിരെ നിരവധി പരാതികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നിലുണ്ടെന്നും, ചാരായക്കേസിൽ സസ്‌പെൻഷനിൽ ആയിരുന്നുവെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് വിടുന്നു. 2020ല്‍ ചാരായം കടത്തിയ കേസില്‍ പോലീസ് പുറത്തു വിട്ട ഫോട്ടോയടക്കമാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടത്. ഇടതുപക്ഷ അധ്യാപക സംഘടനയായ കെ എസ് ടി എ നേതാവായ വിന്‍സെന്റിന്റെ കേസില്‍ അധികൃതര്‍ കണ്ണടച്ചതിനാലാണ് സസ്‌പെന്‍ഷന് ശേഷം കോട്ടണ്‍ഹില്‍ പോലുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി എത്താന്‍ കഴിഞ്ഞതായി ആരോപിക്കുന്നത്.

അതേ സമയം കുട്ടികൾക്കെതിരെ അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പ്രതിഷേധം തുടരുന്നതിനിടയിൽ അതിക്രമത്തിന് ഇരയായ കുട്ടിയുടെ പേരടക്കം ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞ് സ്‌കൂള്‍ വികസന സമിതി ചെയര്‍മാനും സി പി എം നേതാവുമായ പ്രദീപ് രംഗത്തെത്തിയിരുന്നു. കുട്ടിയുടെ പേര് പുറത്ത് വിട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് തന്നെ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തിയതായി രക്ഷകർത്താക്കൾ ആരോപിക്കുന്നു.

Related Articles

Latest Articles