ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വര്‍ധനവ്. 8582 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. മരണം നാലായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർധനവുണ്ടായി. ഇന്നലെ 2.41 ശതമാനം ആയിരുന്ന ടിപിആര്‍ ഇന്ന് 2.71 ശതമാനമായി ഉയർന്നു.
കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. കോവിഡ് ഉയരുന്ന സാഹചര്യത്തിൽ രോഗ വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് ഓർമ്മിപ്പിച്ച് കേന്ദ്രം വീണ്ടും രംഗത്തെത്തിയിരുന്നു. തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കിൽ 40 ശതമാനം വർധനയുണ്ടായതിന് പിന്നാലെയാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയത്.
ബുധനാഴ്ച 5,233 കേസുകളും ഇന്നലെ 7,240 കേസുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മാർച്ച് ഒന്നിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരം കടന്നത് ഇന്നലെയായിരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകൾ. മഹാരാഷ്ട്രയിൽ ജനുവരി 25ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
കേരളത്തിലും കേസുകൾ എണ്ണം ഉയരുകയാണ്. സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണ്. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ധാരാളം പനി കേസുകള്‍ വരുന്നതിനാല്‍ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.

