ദില്ലി: 2 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് (Covid) വാക്സിനേഷൻ നാളെ ആരംഭിക്കാനിരിക്കെ മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം. കോർബോവാക്‌സ് മാത്രമാണ് ഈ പ്രായമുള്ളവർക്ക് നൽകുക. കൊവിൻ പോർട്ടലിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൗണ്ട് വഴിയോ രജിസ്റ്റർ ചെയ്യാം. 2010 മാർച്ച് 15നോ അതിന് മുമ്പോ ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുക.
15 വയസിന് മുകളിലുള്ള അർഹരായ മുഴുവൻ പേരും കോവിഡ് ആദ്യ ഡോസും പകുതി പേർ രണ്ടാം ഡോസും സ്വീകരിച്ച സാഹചര്യത്തിലാണ് 12 – 14 പ്രായപരിധിയിലേക്ക് കടക്കുന്നത്. സ്‌കൂളുകൾ പഴയ പ്രവർത്തന രീതിയിലേക്ക് എത്തിയതോടെ കൂടുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
അതേസമയം 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭ്യമായാലുടന്‍ അതനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

