Saturday, May 4, 2024
spot_img

രാജ്യത്തിന് ആശ്വാസം; പ്രതിദിന രോഗികൾ തുടർച്ചയായ മൂന്നാം ദിവസവും 30,000ത്തിൽ താഴെ ; 38,012 പേർക്ക് രോഗമുക്തി

ദില്ലി: രാജ്യത്ത് കോവിഡ് ആശങ്ക ഒഴിയുന്നതായി സൂചന. കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസവും 30,000ത്തിൽ താഴെയെത്തിയതായി കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 38,012 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതാണ് രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയുന്നതിന് കാരണമായത്. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്.

ഇന്നലെ സംസ്ഥാനത്ത് 15,876 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,75,668 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,46,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 28,877 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1823 പേരെയാണു പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,98,865 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,654 പേര്‍ രോഗമുക്തി നേടി.

അതേസമയം രാജ്യത്ത് ഇതുവരെ 3,33,16,755 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഇതിൽ 3,25,22,171 പേർ രോഗമുക്തി നേടി. നിലവിൽ 3,51,087 പേരാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 284 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,43,497 ആയി ഉയർന്നു.

Related Articles

Latest Articles