Sunday, May 5, 2024
spot_img

മൂന്നാംതരംഗം ഉടൻ… ജാഗ്രത പാലിച്ചില്ലെങ്കിൽ കൈവിട്ടുപോകും; മുന്നറിയിപ്പുമായി ഐഎംഎ

ദില്ലി: കോവിഡിന്റെ മൂന്നാംതരംഗം ആസന്നമായിരിക്കെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് ഐ.എം.എ.യുടെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വിനോദയാത്രയും മതപരമായ കൂടിച്ചേരലുകളും അനുവദിക്കരുതെന്നാണ് ഐ.എം.എ.മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതരും ജനങ്ങളും ഈ ഘട്ടത്തിൽ അലംഭാവം കാട്ടരുതെന്നും വൻപ്രതിസന്ധിക്ക് ഇടയാക്കിയ രണ്ടാംതരംഗത്തിലൂടെ രാജ്യം കടന്നുവന്നതേയുള്ളൂവെന്നും ഐ.എം.എ. ഓർമ്മിപ്പിച്ചു. ഒരു മാസത്തേക്കെങ്കിലും ഇത്തരം ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും അയച്ച കത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ശ്രമഫലമായി രണ്ടാംതരംഗത്തിന്റെ പ്രതിസന്ധി നാം അതിജീവിച്ചു. എന്നാൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ജനങ്ങൾ വൻതോതിൽ തടിച്ചുകൂടുന്നത് ആശങ്ക ഉളവാക്കുന്നു. വിനോദ സഞ്ചാരത്തിനും തീർത്ഥാടനത്തിനും വാക്സിനെടുക്കാത്ത ആളുകളുടെ തിരക്ക് അനുഭവപ്പെടുന്നത് കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത ഒരുക്കുന്നതായി ഐ.എം.എ പ്രസിഡന്റ് ഡോ. ജെ.എ. ജയലാലും ഹോണററി സെക്രട്ടറി ജനറൽ ഡോ.ജയേഷ് എം. ലലെയും ചൂണ്ടിക്കാട്ടി.

വിനോദയാത്രയും മതപരമായ സംഗമങ്ങളുമെല്ലാം ആവശ്യമുള്ള സംഗതികൾതന്നെയാണ്. എങ്കിലും ഏതാനും മാസങ്ങൾ അത്തരം കാര്യങ്ങൾ മാറ്റിവയ്ക്കണം. ഏത് മഹാമാരിക്കും മൂന്നാം തരംഗമുണ്ടാകുമെന്നതാണ് ആഗോളതലത്തിൽ കണ്ടിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചും വാക്സിനെടുത്തും ഇന്ത്യയിൽ മൂന്നാം തരംഗത്തിന്റെ ആഘാതം കുറയ്ക്കാനാകുമെന്നും ഐ.എം.എ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,154 പുതിയ കോവിഡ് കേസുകളും 724 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാലര ലക്ഷം ആളുകളാണ് നിലവിൽ ചികിത്സയിലുള്ളത്. കേരളത്തിലാണ് കോവിഡ് രോഗികളുടെ നിരക്ക് ഇപ്പോഴും കുറയാതെ നിൽക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles