Friday, May 17, 2024
spot_img

രാജ്യത്ത് 7,145 പേര്‍ക്ക് കൂടി കൊവിഡ്; 289 മരണം; ഒമിക്രോൺ കേസുകൾ 100 കടന്നു

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,145 പേർക്ക് കൂടി കോവിഡ് (Covid) സ്ഥിരീകരിച്ചു. 8,706 പേര്‍ രോഗമുക്തരായി. 289 പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് 7,447 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്.

ഇതുവരെ 3,41,71,471 പേര്‍ ഇതുവരെ രോഗമുക്തരായി. 98.38% ആണ് രോഗമുക്തി നിരക്ക്. 4,77,158 പേര്‍ മരണമടഞ്ഞു. ഇതുവരെ 1,36,66,05,173 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 101 കടന്നു. ഇതിൽ 40 പേരും മഹാരാഷ്ട്രയിലെ മുംബൈയിലാണ്. 1 1 സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്രയും കേസുകളെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഒമിക്രോൺ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകളും ആൾക്കൂട്ടങ്ങളും ഒഴിവാക്കാനും നിർദേശമുണ്ട്. അതേസമയം കേരളത്തിൽ ഇന്നലെ 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായിആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു എ ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles