Monday, April 29, 2024
spot_img

വീണ്ടും ആശങ്കയായി കൊവിഡ്; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 1544 കേസുകൾ, പത്ത് ദിവസത്തിനിടെ ഉയരുന്നത് ഇരട്ടിയിലേറെ കേസുകൾ

തിരുവനന്തപുരം: വീണ്ടും ആശങ്ക ഉയർത്തി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും അതുപോലെതന്നെ മരണവും കൂടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേരളത്തിൽ 723 കേസുകൾ മാത്രമാണ് മെയ് 26 ന് ഉണ്ടായിരുന്നത്. 5.7 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും രണ്ട് മരണവും. എന്നാൽ പത്ത് ദിവസം കഴിഞ്ഞപ്പോൾ എല്ലാം ഇരട്ടിയായി. ഇന്നലെ 1544 കേസുകളാണ് കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്തത്. 11.39 ആണ് ടിപിആർ. 4 പേർ കൊവിഡ് ബാധിതരായി മരണമടഞ്ഞു. നിലവിൽ കേസുകളുടെ വളർച്ചാ നിരക്ക് 0.02 ശതമാനവുമാണ്.

7972 പേരാണ് നിലവിൽ സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികൾ. ഇതിൽ കൂടുതൽ രോഗികളും എറണാകുളത്താണ്. 2862 പേരാണ് എറണാകുളത്ത് മാത്രമുള്ളത്. പടരുന്നത് ഒമിക്രോൺ വകഭേദമാണെന്നാണ് സർക്കാർ പറയുന്നത്. കൊവിഡ് മരണവും ചികിത്സ തേടേണ്ടി വരുന്ന അവസ്ഥയും ഇല്ലാതെ ആശ്വാസത്തോടെ ഇരുന്ന സമയത്താണ് ഇത്തരത്തിൽ നേരിയ തോതിലാണെങ്കിലും ഉണ്ടായ ഈ വർധനവ് ആശങ്ക പടർത്തുന്നത്. അതേസമയം, സംസ്ഥാനത്ത് പടരുന്നത് ഒമിക്രോൺ വകഭേദം ആണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Related Articles

Latest Articles