ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ (Covid Cases In India) എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,091 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 34,401,670 ആയി. എന്നാൽ ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 13,878 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 33,800,925 പേർ ഇതുവരെ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം കോവിഡിനെ തുടർന്ന് 340 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 462,189 ആയി. അതേസമയം രാജ്യത്ത് വാക്‌സിനേഷൻ 108 കോടി പിന്നിട്ടു. ഇതുവരെ 110.23 കോടി ആളുകളാണ് വാക്‌സിൻ സ്വീകരിച്ചത്. കൂടാതെ രാജ്യത്ത് ഇതുവരെ 61.99 കോടി പേരുടെ സാംപിളുകളാണ് പരിശോധിച്ചത്.
അതേസമയം കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത്. 7,540 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട 348, കണ്ണൂര്‍ 335, ആലപ്പുഴ 326, പാലക്കാട് 287, മലപ്പുറം 173, കാസര്‍ഗോഡ് 164 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

