Tuesday, May 7, 2024
spot_img

‘മൃതദേഹം വിട്ട് നൽകാൻ ഇടപെടണം’ ഇലന്തൂര്‍ നരബലിക്കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി പത്മയുടെ മകൻ

പത്തനംതിട്ട : ഇലന്തൂരിൽ ഇരട്ടക്കൊലക്കേസിൽ പത്മയുടെ മൃതദേഹം വിട്ട് നല്കാൻ മകൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കഴിഞ്ഞ ആറുദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. അതിനാൽ മൃതദേഹം താങ്കൾക്ക് ലഭിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ ആക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. മൃതദേഹം കൊണ്ടുപോകാൻ സർക്കാർ സഹായം വേണം. ഇക്കാര്യത്തിൽ അധികൃതർ ഇടപെടണമെന്നും മകനും ബന്ധുക്കളും ആവശ്യപ്പെട്ടു. ഇതുവരെ ഇക്കാര്യത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

നിലവിൽ ഇലന്തൂരിൽ കൊല്ലപ്പെട്ട പത്മയുടെയും, കാലടി സ്വദേശിനി റോസ്ലിയുടെയും മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മൃതദേഹം വിട്ട് നൽകണമെന്ന ആവശ്യവുമായി കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്. രണ്ട് സ്ത്രീകളെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഇതിൽ പത്മയെ കൊലപ്പെടുത്തിയ ശേഷം 56 കഷ്ണങ്ങളായി വെട്ടി നുറുക്കി കുഴിച്ചിടുകയായിരുന്നു.

പത്മയുടെയും റോസ്ലിയുടെയും മൃതദേഹങ്ങൾക്കൊപ്പം മറ്റാരുടെയെങ്കിലുമോ, അല്ലെങ്കിൽ മൃഗങ്ങളുടെയോ ശരീര ഭാഗങ്ങൾ കൂടിക്കലർന്നിട്ടുണ്ടോയെന്ന കാര്യത്തിൽ നേരത്തെ സംശയം നിലനിന്നിരുന്നു. ഇതുൾപ്പെടെ പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു പോസ്റ്റ്‌മോർട്ടം. 61 ശരീരഭാഗങ്ങളാണ് പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചത്. മൃതദേഹത്തിന്റെ സാംപിളുകൾ വിദഗ്ധ പരിശോധനയ്‌ക്കായി അയക്കും.

Related Articles

Latest Articles