Sunday, May 5, 2024
spot_img

പാർട്ടിക്ക് വീണ്ടും നാണക്കേട്; കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ CPIM നേതാവ് ഷാനവാസിന് സസ്പെൻഷൻ, ഇജാസിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി

ആലപ്പുഴ: പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ലഹരി കടത്ത് കേസില്‍ രണ്ട് പാർട്ടി നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം. കേസിലെ മുഖ്യപ്രതിയായ CPIM ആലപ്പുഴ ബ്രാഞ്ച് അംഗം ഇജാസിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. പ്രതികൾ ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്‍കിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്.
എ ഷാനവാസിന്റെ സസ്പെൻഷനായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് രണ്ട് കുറ്റങ്ങൾ. വാഹനം വാങ്ങിയപ്പോഴും വാടകയ്ക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ല. ഇക്കാര്യത്തിൽ വീഴ്ചയും ജാഗ്രത കുറവും ഉണ്ടായി.

ലഹരി കടത്തുമായി ഒരു ബന്ധവുമില്ലെന്നും തന്റെ ലോറി മറ്റൊരാൾക്ക് വാടകയ്ക്കു കൊടുത്തതാണെന്നുമായിരുന്നു ഷാനവാസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഷാനവാസ് പ്രതിയായ ഇജാസിനോടൊപ്പം പിറന്നാൾ പാർട്ടി നടത്തുന്നതിന്റെ വിഡിയോ പുറത്ത് വന്നിരുന്നു. മറ്റു സിപിഎം പ്രവർത്തകരെയും എസ്എഫ്ഐ ഭാരവാഹികളെയും വിഡിയോയിൽ വ്യക്തമായി കാണാം. ലഹരിക്കടത്ത് പിടികൂടുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു പിറന്നാൾ ആഘോഷം. ഇതോടെ ഷാനവാസ് കൂടുതൽ പ്രതിരോധത്തിലായി.

വാഹനം വാടകയ്ക്കു കൊടുത്തതിനു തെളിവായി ഷാനവാസ് ഹാജരാക്കിയ രേഖയെപ്പറ്റിയും സംശയം ഉയർന്നിരുന്നു. ഷാനവാസ് കുറ്റക്കാരനാണെങ്കിൽ കർശന നടപടി ഉറപ്പെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ആർ.നാസർ ഇന്നലെ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്.

Related Articles

Latest Articles