Friday, April 26, 2024
spot_img

ഭക്തിയുടെ നിറവിൽ എരുമേലി; കന്നി അയ്യപ്പന്മാരുടെ പേട്ട തുള്ളൽ ഇന്ന്

എരുമേലി: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെതാണ് ആദ്യപേട്ട. രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. എരുമേലി പേട്ട ശാസ്താക്ഷേത്രത്തില്‍നിന്നുമാണ് പേട്ടതുള്ളല്‍ തുടങ്ങുന്നത്. ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡും ബന്ധപ്പെട്ട സംഘടനകളും നടത്തിയിട്ടുള്ളത്. രാവിലെ 10.30-നാണ് പേട്ടതുള്ളൽ ആരംഭിക്കുക. 200 പേർ ആണ് സംഘത്തിലുള്ളത്.

അമ്പലപ്പുഴയുടെ പേട്ടയ്ക്ക് സമൂഹപെരിയോന്‍ എന്‍. ഗോപാലകൃഷ്ണ പിള്ള മുഖ്യകാര്‍മ്മികത്വം വഹിക്കും. അമ്പാടത്ത് എ.കെ.വിജയകുമാറാണ് ആലങ്ങാട് യോഗം പെരിയോന്‍. ദേവസ്വം ഡെപ്യൂടട്ടി കമ്മീഷണർ ജി. ബൈജു, എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിപി സതീഷ്‌കുമാർ, അഖില ഭാരത അയ്യപ്പ സേവാ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയൻ എരുമേലി, ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, എരുമേലി ഗ്രാമപഞ്ചായത്ത്, എരുമേലി ജമാഅത്ത് പ്രസിഡന്റ് പിഎ ഇർഷാദ്,വ്യാപാരി വ്യവസായി സമിതികൾ, കെഎസ്ആർടിസി, കേരള വെള്ളാള മഹാസഭ, എൻഎസ്എസ് എരുമേലി കരയോഗം തുടങ്ങിയവരുടെ നേതൃത്വത്തിൽ പേട്ടതുള്ളലിനെ സ്വീകരിക്കും

ശബരിമലയിൽ വരുന്ന കന്നിസ്വാമിമാർ ആണ് പേട്ടതുള്ളുക. മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളും ആയി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളൽ. ഈ പ്രാ‍ർത്ഥനയുടെ അർത്ഥം ഒരുവന്റെ അഹന്തയെ വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവു വയ്ക്കുക എന്നതാണ്. പേട്ടതുള്ളുന്നവർ അയ്യപ്പക്ഷേത്രത്തിനും ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പിന്നീട് ഇവർ നദിയിൽ പോയി കുളിക്കുന്നു.
കുളികഴിഞ്ഞ ശേഷം ഭക്തർ വീണ്ടും ക്ഷേത്രം സന്ദർശിച്ച് അയ്യപ്പനിൽ നിന്ന് ശബരിമല കയറുവാനുള്ള അനുവാദം വാങ്ങുന്നു. പിന്നീട് ഭക്തർ തങ്ങളുടെ ഗുരുവിന്റെ നിർദ്ദേശമനുസരിച്ച് സന്നിധാനത്തിലേക്ക് പോവുന്നു.

Related Articles

Latest Articles