Sunday, April 28, 2024
spot_img

ഒളിമ്പിക്‌സില്‍ ഇനി ക്രിക്കറ്റും; അംഗീകാരം നല്‍കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മുംബൈ: ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം ലഭിച്ചു. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ട്വന്റി-20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും. ഇന്ന് മുംബൈയിൽ വച്ച് നടന്ന എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിന് ശേഷമാണ് ഇക്കാര്യം ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് അറിയിച്ചത്.

നിലവിൽ ബോർഡിന്റെ പ്രൊപ്പോസലാണ് അംഗീകരിച്ചിരിക്കുന്നത്. ഐഒസി അംഗങ്ങളുടെ വോട്ടെടുപ്പിന് ശേഷമാണ് പുതിയ കായിക ഇനങ്ങൾക്ക് ഒളിമ്പിക്‌സിൽ അനുമതി നൽകുക. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കാൻ പോവുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നേതൃത്വത്തിലായിരുന്നു ക്രിക്കറ്റിനെ ഒളിമ്പിക്സിലെ ഒരു ഇവന്റായി ഉൾപ്പെടുത്താൻ ഐഒസിയുടെ അംഗീകാരത്തിനായി ശ്രമങ്ങൾ നടത്തിയത്. തീരുമാനം ക്രിക്കറ്റിന്റെ ചരിത്രത്തിൽ പ്രധാന നാഴികകല്ലാണെന്ന് ഐസിസി ചെയർമാൻ ഗ്രെഗ് ബാർകെ പറഞ്ഞു. ടി20 ക്രിക്കറ്റിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി തങ്ങൾ മനസിലാക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ 2028-ൽ യുഎസിലേക്ക് സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നതായും ബാർകെ കൂട്ടിച്ചേർത്തു.

അതേസമയം, അഞ്ച് പുതിയ കായിക ഇനങ്ങളാണ് 2028-ലെ ഒളിമ്പിക്‌സിൽ അവതരിപ്പിക്കാൻ പോവുന്നത്. ഇക്കൂട്ടത്തിലാണ് ക്രിക്കറ്റിനും അനുമതി ലഭിച്ചിരിക്കുന്നത്. ക്രിക്കറ്റിന് പുറമേ ബേസ്ബോൾ, ഫ്ളാഗ് ഫുട്ബോൾ, സ്‌ക്വാഷ്, ലാക്രോസ് എന്നിവയാണ് ഒളിമ്പിക്സിലെ മറ്റുപുതിയ കായിക ഇനങ്ങളായി തിരഞ്ഞെടുക്കാൻ പരിഗണിച്ചത്. ഇതിന് മുൻപ് 1900-ലെ പാരിസ് ഒളിമ്പിക്സിലായിരുന്നു അവസാനമായി ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നത്.

Related Articles

Latest Articles