Thursday, May 16, 2024
spot_img

കാക്കിക്കുള്ളിലെ ക്രിമിനലുകൾ! പോലീസിൽ കൂടുതല്‍ പിരിച്ചുവിടല്‍; ഇന്‍സ്‍പെക്ടര്‍ക്കും മൂന്ന് എസ്ഐമാര്‍ക്കുമെതിരെ നടപടി

തിരുവനന്തപുരം: കാക്കിക്കുള്ളിലെ ക്രിമിനലുകളെ പിരിച്ചുവിടാനുള്ള നടപടി തുടരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിനെ പിരിച്ചുവിടാൻ നോട്ടീസ് നൽകി.മൂന്ന് എസ്ഐമാരെ പിരിച്ചുവിടാനും റെയ്‌ഞ്ച് ഡിഐജിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. ക്രിമിനൽ കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരാൻ ഡിജിപി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീ‍രുമാനിച്ചതിന് പിന്നാലെയാണ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

മൂന്ന് ക്രിമിനൽ കേസ് ഉള്‍പ്പടെ 21 പ്രാവശ്യം വകുപ്പതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പിരിച്ചുവിടാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ശിവശങ്കരൻ. കാസർഗോഡ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായ ശിവശങ്കറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് സൂചന ലഭിച്ചപ്പോള്‍ ഓഫീസിൽ നിന്നും മുങ്ങി. പാലക്കാട്ടെ വീട്ടിൽ പോയാണ് നോട്ടീസ് നൽകിയത്. ശിവശങ്കറിനെതിരായ ഗുരുതരമായ വകുപ്പുതല നടപടികള്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എഡിജിപി വിജയ് സാക്കറെ നേരത്തെ കുറച്ചിരുന്നു. ഈ കുറ്റങ്ങള്‍ പുനപരിശോധിച്ചാണ് അഞ്ചുദിവസം പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ശിവശങ്കറിന് നോട്ടീസ് നൽകിയത്.

മെയ് മാസത്തിൽ വിരമിക്കുന്നതിനാൽ പിരിച്ചുവിടൽ ഒഴിവാക്കണമെന്ന ശിവശങ്കറിന്‍റെ അപേക്ഷ തള്ളിയാണ് നടപടി. ബേപ്പൂർ കോസ്റ്റൽ സിഐയായിരുന്ന സുനുവിനെയാണ് ഇതിന് മുമ്പ് പരിച്ചുവിട്ടത്. രണ്ട് ഇൻസ്പെക്ടർമാരെ കൂടി പിരിച്ചുവിടാനുള്ള നടപടികള്‍ പോലീസ് ആസ്ഥാനത്ത് തുടരുകയാണ്. മൂന്ന് ഡിവൈഎസ്പിമാരെ പിരിച്ചുവിടാനുള്ള റിപ്പോർട്ട് അടുത്തയാഴ്ച ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. നിരവധി കേസിൽ പ്രതിയായ മൂന്ന് എസ്ഐമാരെ പിരിച്ചുവിടാൻ റെയ്ഞ്ച് ഡിഐജിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. ക്രിമിനൽ കേസിൽ പ്രതിയായ 59 പേരുടെ പട്ടികയാണ് പോലീസ് ആസ്ഥാനത്ത് തയ്യാറാക്കിയത്.

Related Articles

Latest Articles