കശ്മീരില്‍ പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യുവരിച്ച സൈനികന്റെ സംസ്‌കാരച്ചടങ്ങില്‍ പത്തുവയസുകാരിയായ മകള്‍ കുഴഞ്ഞു വീണു. യുപിയിലെ കനൗജ് സ്വദേശിയായ പ്രദീപ് സിംഗ് യാദവിന്റെ മകള്‍ സുപ്രിയയാണ് അച്ഛന്റെ വിയോഗം സഹിക്കാനാകാതെ കുഴഞ്ഞു വീണത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വിട്ടയച്ചു. അതേസമയം സിംഗിന്റെ രണ്ടരവയസുകാരിയായ മകള്‍ വീരമൃത്യുവരിച്ച അച്ഛന് ചുറ്റിലുമുയരുന്ന അമര്‍ രഹേ മുദ്രാവാക്യങ്ങളും മറ്റും കേട്ട് അമ്പരപ്പോടെ എല്ലാവരെയും നോക്കുകയായിരുന്നു.

പ്രദീപ് സിംഗിന്റെ സംസ്‌കാരച്ചടങ്ങില്‍ ലോകം സാക്ഷ്യം വഹിച്ച അതേ സാഹചര്യം തന്നെയായിരുന്നു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് സൈനികരുടെയും സംസ്‌കാരച്ചടങ്ങില്‍ ഉണ്ടായത്. യുപിയിലെ മഹാരാജ് ഗഞ്ജ്, ആഗ്ര, മെയ്ന്‍പുരി, ഉന്നാവോ, കാണ്‍പൂര്‍, ഛന്ദൗലി എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരും ആക്രമണത്തില്‍ ബലിദാനികളായി. ഇവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനും അമര്‍ രഹേ വിളിച്ച്‌ നൂറുകണക്കിനാളുകളാണ് എത്തിയത്.

അതേസമയം തങ്ങള്‍ക്കുണ്ടായ നികത്താനാകാത്ത നഷ്ടത്തിലും സമചിത്തത കൈവിടാതെയാണ് മിക്ക സൈനികരുടെയും കുടുംബങ്ങള്‍ പ്രതികരിച്ചത്. രാജ്യത്തിന് വേണ്ടിയുള്ള ദേഹത്യാഗത്തില്‍ അഭിമാനിക്കുന്നുണ്ടെന്നും എന്നാല്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കണമെന്നുമായിരുന്നു മിക്ക സൈനികരുടെയുമ കുടുംബാംഗങ്ങളില്‍ നിന്നുള്ള പ്രതികരണം.