Saturday, April 27, 2024
spot_img

പുല്‍വാമ ഭീകരാക്രമണം: ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോർട്ട്. ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, അബ്ദുൾ ഘാനി ഭട്ട്, ബിലാൽ ലോൺ, ഹാഷിം ഖുറേഷി, ഷബീർ ഷാ എന്നീ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.

പാകിസ്ഥാന്‍റെയും ഐഎസ്‌ഐയുടെയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ജമ്മു കശ്മീരിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് നേരത്തെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ‘ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.’ – രാജ്‍നാഥ് സിംഗ് പറഞ്ഞു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കളെയും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെയുമാണ് കേന്ദ്രമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്.

ജമ്മു കശ്മീരില്‍ കര്‍ശനനിയന്ത്രണം ഏ‍ര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. രാജ്‍നാഥ് സിംഗ് ശ്രീനഗറില്‍ വിളിച്ച ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. ആര്‍മി കമാന്‍ഡര്‍, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. സൈനികവിഭാഗങ്ങളുടെ വന്‍ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ഇനി പ്രധാന റോഡുകളിലൊന്നിലും സിവിലിയന്‍ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

പുല്‍വാമയ്ക്ക് കിലോമീറ്ററുകള്‍ക്കപ്പുറം മാത്രം താമസിച്ചിരുന്ന ഭീകരവാദി ആദില്‍ അഹമ്മദ് ധര്‍ ബോംബ് നിറച്ച സ്വന്തം വാഹനം സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ചാവേറാക്രമണം നടത്തിയത്. വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ട് കാത്തു നില്‍ക്കുകയായിരുന്നു ധര്‍. ഇത്തരം സാഹചര്യം ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് സൈന്യം ജാഗ്രത പുലര്‍ത്തുന്നത്.

Related Articles

Latest Articles