Wednesday, September 23, 2026

പന്തെന്നു കരുതി കാലുകൊണ്ട് തട്ടി; ഉഗ്രസ്ഫോടനത്തിൽ പിഞ്ചു ബാലന് ദാരുണാന്ത്യം; മൂന്നു കുട്ടികൾക്ക് പരിക്ക്; പൊട്ടിത്തെറിച്ചത് പെട്രോൾ ബോംബെന്ന് സംശയം

കൊൽക്കത്ത: വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട പെട്രോൾ ബോംബിൽ കാലുകൊണ്ട് തട്ടിയ കുട്ടിക്ക് ദാരുണാന്ത്യം. നോർത്ത് 24 പർഗാനാസിലെ ഭാട്പ്പാറയിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന ബോംബ് പന്തെന്ന് കരുതി നാല് കുട്ടികൾ അടങ്ങുന്ന സംഘം തട്ടിക്കളിക്കുകയായിരുന്നു. ഇതിനിടയിലാണ് പന്ത് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടികളിലൊരാൾ തൽക്ഷണം മരിച്ചു. മറ്റു മൂന്നുപേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഭാട്പ്പാറ എം എൽ എയും ബിജെപി നേതാവുമായ പബൻ സിങ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബോംബ് സ്‌ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്ത് വിശദമായ പരിശോധനകൾ നടത്തി. അതേസമയം കൂടുതൽ പെട്രോൾ ബോംബുകൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.

പശ്ചിമബംഗാളിന്റെ ക്രമസമാധാന നില ദിനംപ്രതി മോശമാകുകയാണെന്നും ക്രിമിനലുകൾ സംസ്ഥാനം കയ്യടക്കുന്നതിന്റെ സൂചനയാണ് ഇത്തരം സംഭവങ്ങളെന്നും അക്രമങ്ങൾ നേരിടുന്നതിൽ ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമെന്നും പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ എൻ ഐ എ അന്വേഷണം വേണമെന്നും തീവ്രവാദ ബന്ധം അന്വേഷണവിധേയമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. റെയിൽവേ ലൈനിനു സമീപത്ത് നിന്നാണ് ബോംബുകൾ കണ്ടെടുത്തത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

Related Articles

Latest Articles