Friday, May 17, 2024
spot_img

അച്ചടക്കം പഠിപ്പിക്കാന്‍ കുട്ടികളുടെ മുടി മുറിച്ചു; സ്‍കൂള്‍ അദ്ധ്യാപികയെ പിരിച്ചുവിട്ടു

നോയിഡ: അച്ചടക്കം പഠിപ്പിക്കാന്‍ കുട്ടികളുടെ മുടി മുറിച്ച സ്വകാര്യ സ്‍കൂള്‍ അദ്ധ്യാപികയെ പിരിച്ചുവിട്ടു. സിബിഎസ്ഇ അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന നോയിഡയിലെ ശാന്തി ഇന്റര്‍നാഷണല്‍ സ്‍കൂളിലാണ് സംഭവം. വിദ്യാലയത്തിലെ ഡിസിപ്ലിനറി ചുമതലയുണ്ടായിരുന്ന അദ്ധ്യാപിക സുഷമയ്ക്കാണ് രക്ഷിതാക്കളുടെ കനത്ത പ്രതിഷേധത്തിനൊടുവിൽ ജോലി നഷ്ടമായത്.

നോയിഡ 168 സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്‍കൂളിലെ അദ്ധ്യാപിക, മുടി മുറിച്ച ശേഷമേ സ്‍കൂളില്‍ വരാന്‍ പാടുള്ളൂ എന്ന് കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്കം ഉറപ്പുവരുത്താന്‍ വേണ്ടിയായിരുന്നു ഇത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നതെന്നാണ് സുഷമയുടെ വാദം. ഇത് അനുസരിക്കാതിരുന്ന ഏതാനും കുട്ടികളെ ബുധനാഴ്ച സ്കൂള്‍ അസംബ്ലിക്ക് ശേഷം ഇവര്‍ വിളിച്ചുവരുത്തി മുടി വെട്ടുകയായിരുന്നു. കുട്ടികളില്‍ ചിലര്‍ എതിര്‍ത്തെങ്കിലും അദ്ധ്യാപിക വകവെച്ചില്ല. വേനലവധി കഴിഞ്ഞ് ഈ അദ്ധ്യയന വര്‍ഷം സ്കൂള്‍ തുറന്നപ്പോള്‍ പുതിയതായി നിയമിക്കപ്പെട്ട അദ്ധ്യാപികയാണ് കുട്ടികളുടെ മുടി മുറിച്ചത്.

കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കാള്‍ കാര്യമറിഞ്ഞതോടെ ബുധനാഴ്ച തന്നെ പ്രിന്‍സിപ്പലിനെ പ്രതിഷേധം അറിയിച്ചു. ചിലര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തുവെന്ന് നോയിഡ അഡീഷണല്‍ ഡിസിപി ശക്തി മോഹന്‍ പറഞ്ഞു. എക്സ്പ്രസ് വേ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്‍കൂളിലെത്തി രക്ഷിതാക്കളോടും സ്‍കൂള്‍ അധികൃതരോടും സംസാരിച്ചു. ഇതിന് ശേഷമാണ് അദ്ധ്യാപികയെ ജോലിയില്‍ നിന്ന് നീക്കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചത്. സംഭവത്തില്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചുവെന്ന് സ്കൂള്‍ ചെയര്‍മാന്‍ ഹരീഷ് ചൗഹാന്‍ പറഞ്ഞു. പ്രശ്നം പരിഹരിച്ച സാഹചര്യത്തില്‍ അദ്ധ്യാപികയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles