Tuesday, September 29, 2026

തിരിച്ചടിക്ക് തുടക്കമിട്ട് ഇസ്രായേൽ ? ഇറാൻ ആണവകേന്ദ്രങ്ങളിൽ അടക്കം വ്യാപകമായ സൈബർ ആക്രമണം; യുദ്ധത്തിന്റെ നിഴലിൽ പശ്ചിമേഷ്യ

ദില്ലി: ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് ഇസ്രയേലിന്റെ തിരിച്ചടി തുടങ്ങിയതായി സൂചന. ആണവ കേന്ദ്രങ്ങളിലടക്കം ഇറാനിൽ വ്യാപകമായ സൈബർ ആക്രമണങ്ങൾ നടന്നതായി സൂചന. എക്സിക്യൂട്ടീവ്, ലെജിസ്ളേച്ചർ, ജുഡീഷ്യറി തുടങ്ങി സർക്കാരിന്റെ മൂന്നു മേഖലകളെയും സൈബർ ആക്രമണം ബാധിച്ചിട്ടുണ്ട്. ആണവ കേന്ദ്രങ്ങളുടെയും തുറമുഖങ്ങളുടെയും പ്രവർത്തനം താറുമാറായി. ഇന്ധന വിതരണം, മുനിസിപ്പൽ നെറ്റവർക്ക്, ഗതാഗതം തുടങ്ങി എല്ലാ മേഖലകളെയും ആക്രമണം താറുമാറാക്കിയിട്ടുണ്ട്. സുപ്രധാന വിവരങ്ങൾ ചോർന്നതായും ഇറാൻ അധികൃതർ അറിയിച്ചു. എന്നാൽ ആക്രമണത്തിന് പിന്നിലാരെന്ന സൂചനയില്ല.

അതേസമയം ഇറാൻ മിസൈലാക്രമണങ്ങൾക്ക് ഇസ്രായേലിന്റെ തിരിച്ചടിയുടെ തുടക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചത്. 200 ലധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തത്. ശരിയായ സമയത്തും സ്ഥലത്തും തങ്ങൾ തിരിച്ചടിക്കുമെന്ന് ഇസ്രായേൽ അന്ന് പ്രതികരിച്ചിരുന്നു. സൈബർ ആക്രമണം ഗൾഫ് മേഖലയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. ഇസ്രയേലിനെ ആക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

ഇസ്രായേലിന് വ്യോമാതിർത്തി തുറന്നുകൊടുക്കുകയോ ആക്രമിക്കാൻ ഇസ്രയേലിനെ സഹായിക്കുകയോ ചെയ്‌താൽ ഗൾഫ് മേഖലയിലെ എണ്ണപ്പാടങ്ങൾ ആക്രമിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. എന്നാൽ ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കുമെന്ന് ഇസ്രായേൽ നേരത്തെ പറഞ്ഞിരുന്നു.

Related Articles

Latest Articles