Friday, May 17, 2024
spot_img

ജൽപായ്ഗുരി ചുഴലിക്കാറ്റ്; പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ച് ഗവർണർ ആനന്ദ ബോസ്; ദുരിതബാധിതരെ സഹായിക്കാൻ രാജ്ഭവനിൽ എമർജൻസി സെൽ!

കൊൽക്കത്ത: ജൽപായ്ഗുരിയിലെ പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. ചുഴലിക്കാറ്റിനുശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായി തിങ്കളാഴ്ച്ച പുലർച്ചെയാണ്
ഗവർണർ ജൽപായ്ഗുരിയിൽ എത്തിയത്. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെയും ഗവർണർ സന്ദർശിച്ചു. അദ്ദേഹം ഇന്നും ജൽപായ്ഗുരിയിൽ ക്യാമ്പ് ചെയ്യുകയാണ്.

ദുരിതബാധിതരെ സഹായിക്കാനായി രാജ്ഭവനിൽ എമർജൻസി സെൽ രൂപീകരിച്ചു. ദില്ലിയിലെ ദുരന്തനിവാരണ അതോറിറ്റിയുമായി ഗവർണർ ബന്ധപ്പെട്ടു. ജൽപായ്ഗുരിയിലേക്ക് കൂടുതൽ മനുഷ്യശക്തിയും സാമഗ്രികളും എത്തിച്ച് പ്രതിരോധ – രക്ഷാപ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹം എൻഡിഎംഎ ക്ക് നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും ഗവർണർ ബന്ധപ്പെട്ടു.

പടിഞ്ഞാറൻ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ ജൽപായ്ഗുരി, കൂച്ച്ബെഹാർ, അലിപുർദുവാർ എന്നിവിടങ്ങളിലാണ് വൻ നാശനഷ്ടമുണ്ടായത്. പെട്ടെന്നുണ്ടായ കൊടുങ്കാറ്റിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകരാൻ എല്ലാവിധ സംവിധാനങ്ങളെയും ഏകോപിപ്പിക്കുന്നതിനാണ് രാജ്ഭവനിൽ പ്രത്യേക സെൽ സജ്ജീകരിച്ചിരിക്കുന്നത്.

Related Articles

Latest Articles