Monday, May 13, 2024
spot_img

ഡിഎംകെ എംഎൽഎയുടെ മകന്റെ വീട്ടിൽ ജോലിക്ക് നിന്ന ദളിത് പെൺകുട്ടിക്ക് പീഡനമേറ്റ സംഭവം ! വിശദീകരണവുമായി മരുമകൾ ; ഓഡിയോ സന്ദേശം പുറത്ത്

ചെന്നൈ : ഡിഎംകെ എംഎൽഎയുടെ മകന്റെ വീട്ടിൽ ജോലിക്ക് നിന്ന് ദളിത് പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിൽ ഒടുവിൽ വിശദീകരണവുമായി എംഎൽഎയുടെ മരുമകൾ രംഗത്ത്. സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ തമിഴ്‌നാട് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മരുമകൾ മെർലിന രംഗത്ത് വന്നിരിക്കുന്നത്. ആരോപണം കെട്ടിച്ചമച്ചതെന്നാണ് മെർലിന ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനഃപൂർവം കുടുംബത്തെ അവഹേളിക്കാൻ ശ്രമിക്കുകയാണെന്നും ജോലിക്കു നിന്ന സ്ത്രീയെ കുടുംബാംഗത്തെ പോലെയാണ് കണ്ടതെന്നും മെർലിനയുടേതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തിൽ പറയുന്നത്.

“എല്ലാവരും ഇപ്പോൾ ഞങ്ങളുടെ കുടുംബത്തെ ചീത്ത പറയുകയാണ്. മൂന്നു ദിവസമായി ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല, മകളെ പോലും കാണാൻ സാധിക്കുന്നില്ല. ആരാണ് ഇതിനു പിന്നിലെന്ന് അറിയില്ല” – മെർലിന പറഞ്ഞു.

ചെന്നൈ പല്ലാവരം നിയമസഭാംഗം ഐ. കരുണാനിധിയുടെ മകന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന 18 വയസുകാരിയായ ദലിത് പെൺകുട്ടിയെ മകൻ ആന്റോ മണിവണൻ, മരുമകൾ മെർലിന എന്നിവർ ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് പരാതി.12–ാം ക്ലാസ് പൂർത്തിയാക്കിയ രേഖ ഏഴു മാസം മുൻപാണ് ചെന്നൈ തിരുവാൺമിയൂരിലുള്ള ആന്റോയുടെ വീട്ടിൽ ജോലിക്കായി എത്തിയത്. പരിക്കേറ്റ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപ്പെട്ട് സ്വദേശിനി രേഖ കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംഭവത്തിൽ നീലാങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെൺകുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്.

Related Articles

Latest Articles