Monday, May 6, 2024
spot_img

‘ജയ്പൂരിന്റെ മകൾ’, ‘തെരുവുകളിൽ നടക്കുന്ന രാജകുമാരി’ ! മൂന്നു തെരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷത്തോടെ ജയം ; ആരാണ് രാജസ്ഥാന്റെ പുതിയ ഉപമുഖ്യമന്ത്രിയായ ദിയാകുമാരി ?

ഏറെനാള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ഭജൻലാൽ ശർമ്മയെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പിന്നാലെ ദിയാ കുമാരിയെയും പട്ടികജാതി നേതാവ് പ്രേംചന്ദ് ബൈർവയെയും ഉപമുഖ്യമന്ത്രിമാരായി പ്രഖ്യാപിച്ചിരുന്നു. ആരാണ് ഉപമുഖ്യമന്ത്രിമാരിലൊരാളായ ദിയാകുമാരി എന്ന് നോക്കാം…

മുൻ ജയ്പൂർ രാജകുടുംബാംഗവും രാജ്‌സമന്ദിൽ നിന്നുള്ള എംപിയുമാണ് രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായ ദിയാകുമാരി. വിദ്യാധർ നഗർ മണ്ഡലത്തിൽ നിന്നാണ് ദിയാകുമാരി വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി സീതാറാം അഗർവാളിനെ 71,000 വോട്ടുകൾക്കാണ് ദിയാകുമാരി പരാജയപ്പെടുത്തിയത്. ജയ്പൂർ നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മാൻ സിംഗ് രണ്ടാമന്റെ ചെറുമകളാണ് ദിയാകുമാരി. ‘ജയ്പൂരിന്റെ മകൾ’, ‘തെരുവുകളിൽ നടക്കുന്ന രാജകുമാരി’ തുടങ്ങിയ വിശേഷണങ്ങളോടെയാണ് ദിയാകുമാരി ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. 1971 ജനുവരി 30 ന് ബ്രിഗേഡിയർ ഭവാനി സിംഗിന്‍റെയും മഹാറാണി പദ്മിനി ദേവിയുടെയും മകളായി ദിയാകുമാരി ജനിച്ചു. മഹാറാണി ഗായത്രി ദേവി സ്‌കൂൾ, ജയ്പൂരിലെ മഹാറാണി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നരേന്ദ്ര സിങ് എന്നയാളെ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ മൂന്ന് കുട്ടികളും ദിയാകുമാരിയ്ക്കുണ്ട്. എന്നാൽ, 2018ൽ ഈ വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തു.

2013ലാണ് ദിയാകുമാരി ബി.ജെ.പിയിൽ ചേരുന്നത്. ശേഷം മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പിലും ദിയാകുമാരി തോൽവിയുടെ രുചിയറിഞ്ഞിട്ടില്ല. 2013-ൽ സവായ് മധോപൂർ മണ്ഡലത്തിൽ നിന്നും 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 5.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ രാജ്സമന്ദിൽ നിന്ന് എംപിയായും തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തിന് പുറമെ രണ്ട് സ്‌കൂളുകൾ, ട്രസ്റ്റുകൾ, മ്യൂസിയങ്ങൾ, ഹോട്ടലുകൾ, സർക്കാരിതര സംഘടനകൾ എന്നിവയുൾപ്പെടെ നിരവധി ബിസിനസ്സ് സംരംഭങ്ങൾ ദിയാ കുമാരി കൈകാര്യം ചെയ്യുന്നുണ്ട്. മഹാരാജ സവായ് മാൻ സിംഗ് II മ്യൂസിയം ട്രസ്റ്റ്, ജയ്ഗഢ് ഫോർട്ട് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ മേൽനോട്ടം വഹിക്കുന്നുണ്ട്. 2019-ൽ സർക്കാറിന്റെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി അംഗമായും ദിയാകുമാരി തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നിവ ഉയർത്തിപ്പിടിച്ചായിരുന്നു 52 കാരിയായ ദിയാകുമാരിയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം.

Related Articles

Latest Articles