Monday, May 6, 2024
spot_img

“എനിക്ക് ഉമ്മൻ ചാണ്ടിയുടെ മകളായി അറിയപ്പെട്ടാൽ മതി: സജീവ രാഷ്ട്രീയത്തിലേക്കില്ല” ; പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങളിൽ പ്രതികരണവുമായി അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ മകൾ അച്ചു ഉമ്മൻ

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഒഴിവു വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാകുന്നതിനിടെ, സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങളിൽ പ്രതികരണവുമായി അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ മകൾ അച്ചു ഉമ്മൻ രംഗത്തു വന്നു. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും എന്നും ഉമ്മൻ ചാണ്ടിയുടെ മകളായി മാത്രം അറിയപ്പെടാനാണ് ഇഷ്ടമെന്നും ചാണ്ടി ഉമ്മൻ യോഗ്യനായ സ്ഥാനാർത്ഥിയാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. എന്നാൽ ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണെന്നും അവർ കൂട്ടിക്കിച്ചേർത്തു.

‘‘അപ്പയെ അടക്കിയിരിക്കുന്ന സ്ഥലത്തേക്കുള്ള ജനത്തിരക്ക് ഇപ്പോഴും കുറഞ്ഞിട്ടില്ല. അതുപോലെ തന്നെ ആളുകൾ ഇവിടെയും വരുന്നുണ്ട്. അപ്പ ഇവിടെയാണ് ആളുകളെ കണ്ടിരുന്നത്. ഇവിടെ വന്ന് അപ്പയുടെ സാന്നിധ്യം അനുഭവിക്കാനായിരിക്കും എല്ലാവരും വരുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഈ ചോദ്യങ്ങളും ചർച്ചകളുമെല്ലാം വളരെ നേരത്തെയാണെന്ന് എനിക്ക് തോന്നുന്നു. സത്യം പറഞ്ഞാൽ ഈ ചർച്ചകൾ ഒഴിവാക്കേണ്ടതായിരുന്നു. പക്ഷേ ചില പ്രസ്താവനകളും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കണ്ടപ്പോൾ അതിൽ ഒരു വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്ന് തോന്നി. അതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കാമെന്നു കരുതിയത്. ചാണ്ടി ഉമ്മൻ യോഗ്യതയുള്ള സ്ഥാനാർഥി തന്നെയാണെന്ന്, ഒരു ചോദ്യത്തോട് പ്രതികരിക്കവെ അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടി. പക്ഷേ ഈ യോഗ്യതയും ആരാണ് സ്ഥാനാർഥിയാകേണ്ടതെന്ന് തീരുമാനിക്കേണ്ടതും കോൺഗ്രസ് പാർട്ടിയാണ്. ആര് സ്ഥാനാർഥിയാകണം, ആകണ്ട എന്നു പറയാൻ ഞാൻ ആരുമല്ല. പക്ഷേ, ഞാൻ ഈ രംഗത്തേക്ക്, പൊതുപ്രവർത്തന രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമായി പറയുകയാണ് എന്റെ ലക്ഷ്യം.
ഞാൻ ജീവിച്ചതും, എവിടെയപ്പോയാലും എന്റെ വിലാസവും ഉമ്മൻ ചാണ്ടിയുടെ മകൾ എന്നതാണ്. അച്ചു ഉമ്മൻ എന്നതിലും ഉപരിയായിട്ട് ഉമ്മൻ ചാണ്ടിയുടെ മകൾ എന്നാണ് എന്റെ പേര്. അവസാനം വരെ അദ്ദേഹത്തിന്റെ മകൾ എന്ന ലേബലിൽത്തന്നെ ജീവിച്ച് മരിക്കാനാണ് എന്റെ ആഗ്രഹം. പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്ന് മതി എന്ന് കോൺഗ്രസ് പാർട്ടി ഒരു തീരുമാനമെടുത്താൽ അത് കുടുംബത്തിനു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ്. അപ്പയ്ക്ക് ജനങ്ങളിൽനിന്ന് കിട്ടിയ ആ സ്നേഹം, അത് വീണ്ടും വീണ്ടും ഓരോരുത്തരിലൂടെ ഞങ്ങൾ അറിയുകയാണ്. ഓരോരുത്തരും വരുമ്പോൾ ഓരോരോ കഥകളാണ് പറയുന്നത്. ആ കഥകളൊക്കെ കേട്ട് ഞങ്ങൾ അപ്പയെ ഓർത്തുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് രാഷ്ട്രീയപരമായ ചോദ്യങ്ങളും ചർച്ചകളും ഒഴിവാക്കണമെന്നാണ് എന്റെ ആഗ്രഹം. അപ്പ 53 വർഷം പുതുപ്പള്ളിയുടെ എംഎൽഎ ആയിരുന്ന വ്യക്തിയാണ്. ഞങ്ങൾ കുടുംബക്കാരേപ്പോലെ തന്നെ പുതുപ്പള്ളിയിലെ ഓരോ വ്യക്തിക്കും ഉമ്മൻ ചാണ്ടിയെ വളരെ നന്നായിട്ട് അറിയാം. പാർട്ടി തിരഞ്ഞെടുക്കുന്നത് ആരെയായാലും ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരാളായിരിക്കും എന്ന് ഉറപ്പാണ്.” – അച്ചു ഉമ്മൻ പറഞ്ഞു.

Related Articles

Latest Articles