ദില്ലി: ദില്ലിയില് കലാപം തുടരുന്നു. കലാപത്തില് മരിച്ചവരുടെ എണ്ണം പതിനെട്ടായി. 190 ഓളം പേര്ക്ക് പരിക്കേറ്റു. പരുക്കേറ്റവരില് 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉള്പ്പെടുന്നു. മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാര് എന്നിവിടങ്ങളില് കലാപകാരികള് വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു. വെടിയേറ്റ് 70 പേര് ആശുപത്രിയില് ചികിത്സ തേടിയിട്ടുണ്ട്.
സംഘര്ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില് വടക്കു കിഴക്കന് ഡല്ഹിയിലെ നാല് പൊലീസ് സ്റ്റേഷന് പരിധിയില് കണ്ടാലുടന് വെടിവയ്ക്കാനുള്ള ഉത്തരവ് ഡല്ഹി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലിടങ്ങളില് ഏര്പ്പെടുത്തിയ കര്ഫ്യൂ തുടരുകയാണ്. അതേസമയം, സീലംപൂരില് സ്ഥിതിഗതികള് നിയന്ത്രണവിധേയമായി. കലാപത്തെ തുടര്ന്ന് അടച്ച മെട്രൊ സ്റ്റേഷനുകള് തുറന്നു.
സ്ഥിതിഗതികള് വിലയിരുത്താന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. 24 മണിക്കൂറിനുള്ളില് മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ചു ചേര്ത്തത്. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില് പുതിയതായി നിയമിച്ച സ്പെഷ്യല് ഡല്ഹി കമ്മീഷണര് എസ്.എന്. ശ്രീവാസ്തവയും പങ്കെടുത്തു. മൗജ്പൂര്, ജാഫ്രാബാദ് തുടങ്ങിയ അക്രമബാധിത പ്രദേശങ്ങളില് ദില്ലി പൊലീസ് ഉദ്യോഗസ്ഥരും എംഎല്എമാരും തമ്മില് മികച്ച ഏകോപനം നടത്താന് യോഗം തീരുമാനിച്ചു.

