തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ ജാതി അധിക്ഷേപത്തിന് ഇരയായ ദീപ മോഹന്റെ ആവശ്യങ്ങൾ എംജി സർവകലാശാല അംഗീകരിച്ചു. വൈസ് ചാൻസലർ ഡോ. സാബു തോമസുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിച്ചത്. ഇതോടെ 11 ദിവസത്തെ സമരം അവസാനിപ്പിക്കുകയാണെന്ന് ദീപ അറിയിച്ചു. എംജി സർവ്വകലാശാലയിലെ ഗവേഷക മാർഗദർശിയായിരുന്ന നന്ദകുമാറിനെ ഐഐയുസിഎൻഎന്നിൽ നിന്നും പുറത്താക്കിയതായും ദീപ അറിയിച്ചു. നന്ദകുമാറിനെ വകുപ്പിൽ നിന്നും മാറ്റിയതായാണ് വിവരം.
തന്റെ പോരാട്ടത്തിന് നൂറ് ശതമാനം വിജയം ലഭിച്ചുവെന്ന് ദീപ പറഞ്ഞു. ദീപയുടെ ഗവേഷണത്തിന് ആവശ്യായ എല്ലാ സാമഗ്രികളും കൃത്യ സമയത്ത് നൽകാൻ തീരുമാനമായി. മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കും. 2020 മാർച്ച് 24 മുതൽ നാല് വർഷത്തേക്ക് ഗവേഷണ കാലാവധി നീട്ടി നൽകും. സമരസംബന്ധമായ ഒരു പ്രതികാര നടപടികളും ഉണ്ടാകുന്നതല്ലെന്നും അധികൃതരുടെ റിപ്പോർട്ടിൽ പറയുന്നു.
തന്റെ പോരാട്ടം ഏറ്റെടുത്ത ഭീമ ആർമി കേരളയ്‌ക്ക് നന്ദിയറിയിക്കുന്നതായി ദീപ അറിയിച്ചു. നിരവധി ആളുകളുടെ സഹായം ഈ സമരം മുന്നോട്ട് കൊണ്ടുപോകാൻ ലഭിച്ചിരുന്നു. ദളിത് സംഘടനകളും പിന്തുണ നൽകിയിരുന്നു. എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ദീപ മോഹൻ വ്യക്തമാക്കി.

