ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഹൃദയമിടിപ്പ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് താരം ആശുപത്രിയിലായത്. ഹൈദരാബാദിലെ സിനിമ ഷൂട്ടിങ്ങിനിടെയാണ് ദീപികയുടെ ഹൃദയമിടിപ്പ് വര്‍ധിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ അവരെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലായതിനെ തുടര്‍ന്ന് അവര്‍ വീണ്ടും ഷൂട്ടിങ് സെറ്റിലെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രൊജക്‌ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. ദീപികക്കൊപ്പം പ്രഭാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് സാധാരണയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണെന്നാണ് വേഗത്തിലുള്ള ഹൃദയമിടിപ്പ് സൂചിപ്പിക്കുന്നത്. മദ്യം, ചില ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി കാരണങ്ങളുണ്ട് ഇതിന് പിന്നില്‍. ശരാശരി മുതിര്‍ന്ന വ്യക്തിയുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ 60-100 തവണ മിടിക്കുന്നത് നോര്‍മലായി കണക്കാക്കുന്നത്.
ഹൃദയമിടിപ്പ് മിനിറ്റില്‍ 100 തവണയില്‍ കൂടുതല്‍ മിടിക്കുന്ന അവസ്ഥയെ ‘ടാക്കിക്കാര്‍ഡിയ’ (Tachycardia) എന്ന് വിളിക്കുന്നതായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (AHA) പറയുന്നു. ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ് ക്രമമായതോ ക്രമരഹിതമായതോ ആകാം.
കഠിനമായ വ്യായാമം, പനി, സമ്മര്‍ദ്ദം, ഉത്കണ്ഠ, ചില മരുന്നുകളുടെ ഉപയോഗം എന്നിവ ടാക്കിക്കാര്‍ഡിയയിലേക്ക് നയിച്ചേക്കാം. അനീമിയ, തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവര്‍ത്തനം, ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയസ്തംഭനം എന്നിവ മൂലവും ഇത് സംഭവിക്കാമെന്നും വെബ് എംഡിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പുകവലിക്കുന്നവര്‍, അമിതമായി മദ്യപിക്കുക, അല്ലെങ്കില്‍ ധാരാളം കഫീന്‍ ഉപഭോഗം ഉള്ളവരെ ‘സുപ്രവെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ’ (Supraventricular tachycardia) ബാധിക്കാന്‍ സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് ഹൃദയാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിലും കുട്ടികളിലും ഇത് കൂടുതല്‍ സാധാരണമാണ്. തലകറക്കം, ശ്വാസം മുട്ടല്‍, നെഞ്ച് വേദന എന്നിവയാണ് ഇതിന്റെ പ്രധാനലക്ഷണങ്ങള്‍.

