‘മെയ്ക് ഇൻ ഇന്ത്യ’; 118 യുദ്ധ ടാങ്കുകൾ ഭാരതത്തിൽ നിർമ്മിക്കും; 7523 കോടിയുടെ ഓർഡര്‍ നൽകി പ്രതിരോധ മന്ത്രാലയം

Make In India

0
Arjun Tanks
Arjun Tanks

ദില്ലി: ഇന്ത്യൻ സൈന്യത്തിന്റെ ആയുധ ശേഖരം വർധിപ്പിക്കുന്നതിന് പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. സൈന്യത്തിനായി 118 പ്രധാന യുദ്ധ ടാങ്കുകൾ വാങ്ങുന്നതിനുള്ള 7,523 കോടി രൂപയുടെ കരാറിലേർപ്പെട്ടതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് (India) തദ്ദേശമായി നിർമ്മിച്ച അര്‍ജുന്‍ എംകെ-1എ യുദ്ധ ടാങ്കുകളാണ് വാങ്ങുന്നത്.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനു കീഴില്‍ തമിഴ്നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയാണ് ടാങ്കുകള്‍ നിര്‍മിക്കുക. നേരത്തേയുള്ള എം‌കെ -1 വേരിയന്റിൽ നിന്ന് 72 പുതിയ സവിശേഷതകളും കൂടുതൽ തദ്ദേശീയ ഉള്ളടക്കവും ഉൾക്കൊള്ളുന്നതാണ് അര്‍ജുന്‍ എംകെ-1എ. അഗ്നിശക്തി. 7,523 കോടി രൂപയുടെ ഈ ഓർഡർ പ്രതിരോധ മേഖലയിലെ ‘മേക്ക് ഇൻ ഇന്ത്യ’ (Make In India) സംരംഭത്തിന് കൂടുതൽ ഊർജം പകരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ‘ആത്മനിർഭർ ഭാരത്’ കൈവരിക്കുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണെന്നും മന്ത്രാലയം പറഞ്ഞു.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ചെന്നൈ (Chennai) ആസ്ഥാനമായുള്ള കോംബാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് കേന്ദ്രമാണ് (സിവിആര്‍ഡിഇ) ടാങ്ക് രൂപകല്‍പ്പന ചെയ്തത്. നിലവില്‍ ടി-90, ടി-72, അര്‍ജുന്‍ എംകെ-1 എന്നീ ടാങ്കറുകളാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ളത്.