Monday, May 6, 2024
spot_img

ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് സാമ്പത്തിക പ്രശ്‌നങ്ങളെ മറികടക്കാനാകും; ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കുമായി നോട്ടിൽ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണം: പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജ്‌രിവാൾ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്തയച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കറൻസികളിൽ മഹാത്മാ ഗാന്ധിയ്‌ക്കൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് സാമ്പത്തിക പ്രശ്‌നങ്ങളെ മറികടക്കാനാകുമെന്നും കത്തിൽ പറയുന്നുണ്ട്. ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നാണ് കെജ്‌രിവാൾ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

കറൻസി നോട്ടുകൾ മാറ്റാനല്ല, മറിച്ച് ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നതാണ് ആവശ്യമെന്നും ആവർത്തിച്ചു പറയുന്നുണ്ട്. എല്ലാ ദിവസവും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുന്നുണ്ടെന്നും അവയിൽ ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങൾ ചേർക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനോട് ദില്ലി മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ദീപാവലി ദിനത്തിൽ ലക്ഷ്മീ പൂജ നടത്തുമ്പോഴാണ് തനിക്ക് ഇത്തരമൊരു ആശയം ഉദിച്ചതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഇന്തോനേഷ്യയിൽ കേവലം മൂന്ന് ശതമനാനം മാത്രമാണ് ഹിന്ദുക്കളുള്ളത്. എന്നാൽ അവരുടെ കറൻസിയിൽ ഗണേശ ഭഗവാന്റെ ചിത്രവും ചേർത്തിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ അങ്ങനെ ആകാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിൽ കഴിയുന്നില്ലെന്ന ചോദ്യവും അദ്ദേഹം വാർത്ത സമ്മേളനത്തിൽ ചോദിച്ചിരുന്നു.

രാജ്യത്തെ എല്ലാവരും ലക്ഷ്മിദേവിയെയും ഗണപതിയെയും ആരാധിക്കണമെന്നും ബിസിനസുകാർ അവരുടെ ഓഫീസുകളിലും മുറികളിലും വിഗ്രഹങ്ങളും സൂക്ഷിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles