Sunday, January 11, 2026

സാങ്കേതിക തകരാർ; ദില്ലി – ദോഹ വിമാനം കറാച്ചി വിമാന താവളത്തിലേക്ക് തിരിച്ചുവിട്ടു

ദില്ലി: ദില്ലിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‍സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിമാനം ‘സാങ്കേതിക തകരാര്‍’ മൂലം വഴി തിരിച്ചുവിടുകയായിരുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം. കറാച്ചി വിമാന താവളത്തിൽ വിമാനം അടിയന്തര ലാന്റിങ് നടത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായി അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‍സ് അറിയിച്ചു.

വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ പുകയുടെ ലക്ഷണങ്ങള്‍ കണ്ടതാണ് വിമാനം വഴി തിരിച്ചുവിടാനും അടിയന്തരമായി നിലത്തിറക്കാനുമുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദോഹയില്‍ എത്തിക്കുമെന്നാണ് അറിയിപ്പ്.

അതേസമയം വിമാനം വഴിതിരിച്ചുവിട്ടതിനെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരാതിപ്പെട്ടു. ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങള്‍ കറാച്ചി വിമാനത്താവളത്തില്‍ ദുരിതത്തിലായെന്നും ഇവര്‍ പറഞ്ഞു. തിങ്കളാഴ്‍ച പുലര്‍ച്ചെ 3.50നാണ് വിമാനം ദില്ലിയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ 5.30ന് കറാച്ചിയില്‍ ലാന്റ് ചെയ്യുകയായിരുന്നു.

Related Articles

Latest Articles