Monday, September 21, 2026

ദില്ലി മദ്യനയ കേസ്; എഎപി എംപി സഞ്ജയ് സിങിന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌

ദില്ലി: മദ്യനയ കേസുമായി ബന്ധപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. രാജ്യസഭാ എംപിയായ സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ഇഡി പരിശോധനയ്ക്ക് എത്തിയത്. കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയില്‍ സിബിഐ അറസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു എഎപി നേതാവിനെ കൂടി കേന്ദ്ര ഏജന്‍സി ലക്ഷ്യം വച്ചിരിക്കുന്നത്.

2012-22ലെ ദില്ലി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തതും സിബിഐ അന്വേഷണം തുടങ്ങിയതും. തുടര്‍ന്ന് മദ്യനയം സര്‍ക്കാരിനു പിന്‍വലിക്കേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

നയരൂപീകരണത്തില്‍ മദ്യക്കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങള്‍ക്ക് 12 ശതമാനം ലാഭം ലഭിക്കുന്ന അവസ്ഥ ഉണ്ടായെന്നും സിബിഐ കണ്ടെത്തി. ‘സൗത്ത് ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന മദ്യലോബി ഇതിനായി വന്‍തുക കൈക്കൂലി നല്‍കിയെന്നും സിബിഐ ആരോപിക്കുന്നു. 12 ശതമാനം ലാഭത്തില്‍നിന്ന് ആറ് ശതമാനം ഇടനിലക്കാര്‍ വഴി പൊതുപ്രവര്‍ത്തകര്‍ക്ക് ലഭിച്ചുവെന്നും സിബിഐ അവകാശപ്പെടുന്നു. കൈക്കൂലിയായി ലഭിച്ച പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് ഇഡി അന്വേഷിക്കുന്നത്.

Related Articles

Latest Articles