Monday, May 6, 2024
spot_img

കരുവന്നൂർ ബാങ്ക് കൊള്ള; കൂടുതൽ സിപിഎം കൗൺസിലർമാരിലേക്ക് അന്വേഷണം; മധു അമ്പലപുരത്തിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും; പി സതീഷ്കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമെന്ന് കണ്ടെത്തൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിപിഎം കൗൺസിലർമാരിലേക്ക് അന്വേഷണം. വടക്കാഞ്ചേരി കൗൺസിലർ മധു അമ്പലപുരത്തിനെ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ സമൻസ് അയച്ചിരുന്നു. കേസിൽ ഒന്നാം പ്രതി പി സതീഷ്കുമാറിന്റെ സഹോദൻ ശ്രീജിത്തും മുഖ്യകണ്ണിയെന്ന് ഇഡി വ്യക്തമാക്കി. ശ്രീജിത്തിന്റെ പേരിലും സതീഷ് കുമാർ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷനുവേണ്ടി നാളെ കസ്റ്റഡി അപേക്ഷ നൽകാനിരിക്കുകയാണ് ഇഡി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കൂടുതൽ പേരുടെ പങ്കാളിത്തം ഇഡി അന്വേഷണത്തിൽ തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. മുഖ്യകണ്ണിയും, തട്ടിപ്പിന്റെ സൂത്രധാരികളിൽ ഒരാളുമായ പി.സതീഷ് കുമാറിന്റെ സഹോദരൻ പി.ശ്രീജിത്ത് വഴിയും കള്ളപ്പണ ഇടപാടുകളും, നിക്ഷേപങ്ങളും നടന്നിട്ടുണ്ട്. ശ്രീജിത്തടക്കമുള്ള അടുത്ത ബന്ധുക്കളുടെ പേരിലും, ചില സുഹൃത്തുക്കളുടെ പേരിലും സതീഷ് കുമാർ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. സഹോദരൻ ശ്രീജിത്തുമായി ചേർന്ന് നടത്തിയ ഇടപാടുകളിലാണ് അന്വേഷണ സംഘത്തിന് പ്രധാന തെളിവുകൾ ലഭിച്ചിരിക്കുന്നത്. സതീഷ് കുമാറും, പി.പി കിരണും തട്ടിപ്പിലെ പ്രധാന കണ്ണികളാണെന്നും ഇഡി കോടതിയിൽ ആവർത്തിച്ചു.

റിമാൻഡിലുള്ള പി.ആർ അരവിന്ദാക്ഷനെയും, സി.കെ ജിൽസിനെയും വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ നാളെ ഇഡി കലൂരിലെ പ്രത്യേക കോടതിയിൽ സമർപ്പിക്കും. 9, 10 തീയതികളിലായി രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. അറസ്റ്റിന് ശേഷം ഒരു ദിവസത്തെ കസ്റ്റഡിയിൽ ഇവരെ ലഭിച്ചിരുന്നു. എന്നാൽ കണക്കിൽപ്പെടാത്ത ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തുകയും, പി സതീഷ് കുമാറിന്റെ കൂട്ടാളിയായി പ്രവർത്തിക്കുകയും ചെയ്ത സിപിഎം നേതാവും കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷനെയും, ബാങ്കിലെ മുൻ ചീഫ് അക്കൗണ്ടൻ്റ് സി.കെ ജിൽസിനെയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. അറസ്റ്റിലായ നാല് പ്രതികളും കാക്കനാടുള്ള ജില്ലാ ജയിലിലാണ്‌. അരവിന്ദാക്ഷനെയും, ജിൽസിനെയും മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ ഇഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതികളെയെല്ലാം ഒരേ ജയിലിൽ പാർപ്പിച്ച ജയിൽ സുപ്രണ്ടിനെതിരെ പ്രോസിക്യൂഷൻ പരാതിപ്പെട്ടിരുന്നു.

അതേസമയം, കരുവന്നൂർ സഹകബാങ്ക് തട്ടിപ്പിൽ കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമെന്ന് ഇഡി. പി സതീഷ്കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കലിൽ ഇത്തരം സംഘങ്ങളുടെ പങ്കും ആന്വേഷണ പരിധിയിൽ വരുമെന്നും പി സതീഷ്കുമാറുമായി ബന്ധമുള്ള അക്കൗണ്ട് വിവരങ്ങൾ പൂർണ്ണമായും ശേഖരിച്ചെന്നും ഇഡി വ്യക്തമാക്കി.

Related Articles

Latest Articles