Friday, May 10, 2024
spot_img

ദില്ലി മദ്യനയ അഴിമതിക്കേസ് !ബിആർഎസ് നേതാവ് കെ കവിത അറസ്റ്റിൽ; അരവിന്ദ് കേജ്‍രിവാളിനോട് നാളെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ദില്ലി സെഷൻസ് കോടതി നിർദേശം

ദില്ലി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളും തെലങ്കാന മന്ത്രി കെ.ടി.രാമറാവുവിന്റെ സഹോദരിയുമായ കെ. കവിത അറസ്റ്റിൽ. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കവിതയുടെ വസതിയിൽ ഇഡി , ഐടി വകുപ്പുകൾ നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെ ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി കേസുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇ.ഡിയും ഐടി വകുപ്പും രണ്ടു തവണ സമൻസ് നൽകിയിരുന്നെങ്കിലും കവിത പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് ഇന്നു രാവിലെ മിന്നൽ പരിശോധന നടത്തിയത്. ഇ.ഡി ഉദ്യോഗസ്ഥരോടു കവിതയുടെ സഹോദരനും മന്ത്രിയുമായ കെ.ടി.രാമറാവു ക്ഷുഭിതനായി. ട്രാന്‍സിറ്റ് വാറന്റില്ലാതെ കവിതയെ ദില്ലിയിലേക്ക് കൊണ്ടുപോകാനാവില്ലെന്ന് കെടിആര്‍ പറഞ്ഞു.

കേസിൽ കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ദില്ലി സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.അരുണിന് 30% പങ്കാളിത്തമുള്ള കമ്പനിയാണ് ദില്ലി മദ്യവിൽപനയ്ക്കുള്ള ലൈസൻസ് നേടിയത്. കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം യഥാർഥത്തിൽ കവിതയുടേതാണെന്നും അരുണിനെ മുന്നിൽ നിർത്തിയതാണെന്നും ഇഡി സംശയിക്കുന്നു. ലൈസൻസ് ലഭിക്കാൻ 100 കോടി രൂപ ആം ആദ്മി സർക്കാരിന് കവിതയുൾപ്പെട്ട ‘സൗത്ത് ഗ്രൂപ്പ്’ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്.

അതേസമയം കേസിൽ ദില്ലി മുഖ്യമന്ത്രി കൂടിയായ എഎപി നേതാവ് അരവിന്ദ് കേജ്‍രിവാളിനോട് നാളെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ദില്ലി സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു.

Related Articles

Latest Articles