Wednesday, May 8, 2024
spot_img

നാഷണൽ ഹെറാൾഡ് കേസ്; സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ വൻ പ്രതിഷേധം; രാഹുൽ ഗാന്ധി അറസ്റ്റിൽ

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എംപിമാ‍ര്‍ പ്രതിഷേധം നടത്തി. വിജയ് ചൗക്കിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കെ സി വേണുഗോപാൽ, മല്ലികാർജുന ഖാർഗെ,ബെന്നി ബഹനാൻ, വി കെ ശ്രീകണ്ഠൻ, ആന്റ്റോ ആന്റണി, എംകെ രാഘവൻ,ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി എൻ പ്രതാപൻ തുടങ്ങിയവരെയും കിംഗ്സ് വേ പൊലീസ് കസ്റ്റഡിയിലെടുത്തു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാംവട്ട ചോദ്യചെയ്യലിനായി സോണിയ ഗാന്ധി ഇന്ന് ഇ ഡി ഓഫീസിലെത്തി. അഡീഷനൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. സോണിയയെ ഇ ഡി വേട്ടയാടുന്നെന്ന് ആരോപിച്ച് ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇ ഡിയുടെ ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവ‍‍ര്‍ത്തകരും വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാരും പ്രതിഷേധിക്കുകയാണ്. നേരത്തെ രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്ഘട്ടിൽ പ്രതിഷേധിക്കാൻ ദില്ലി പൊലീസ് അനുമതി നൽകിയില്ല. തുട‍ര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

Related Articles

Latest Articles