Friday, May 17, 2024
spot_img

‘മോചിതനായിട്ടും തടവിൽ കഴിയുന്നു, 32 വർഷമായി ഞാൻ അമ്മയെ കണ്ടിട്ടില്ല, അവസാന നാളുകളിൽ അമ്മയുടെ കൂടെ കഴിയണമെന്നാണ് ആഗ്രഹം’; പ്രധാനമന്ത്രിക്ക് രാജീവ് ഗാന്ധി വധക്കേസ് പ്രതിയുടെ കത്ത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി ടി സുതേന്തിരരാജ. മോചിതനായിട്ടും ട്രിച്ചി സെൻട്രൽ ജയിൽ കാമ്പസിലെ പ്രത്യേക ക്യാമ്പിൽ കഴിയുകയാണെന്നും ശ്രീലങ്കയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും കത്തിൽ പറയുന്നു. പ്രധാനമന്ത്രിക്ക് പുറമെ ആഭ്യന്തര, വിദേശകാര്യ മന്ത്രിമാർക്കും കത്ത് നൽകിയിട്ടുണ്ട്.

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴുപേരിൽ ഒരാളാണ് ശ്രീലങ്കൻ പൗരനായ ടി സുതേന്തിരരാജ എന്ന ശാന്തൻ. 2022 നവംബർ 11 ന് സുപ്രീംകോടതി ശാന്തനെ സ്വതന്ത്രനാക്കാൻ ഉത്തരവിട്ടെങ്കിലും മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരോടൊപ്പം ട്രിച്ചി സെൻട്രൽ ജയിൽ കാമ്പസിലെ പ്രത്യേക ക്യാമ്പിൽ കഴിയുകയാണ് ഇയാൾ ഇപ്പോഴും. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ തനിക്ക് വേണ്ടി ശബ്ദമുയർത്തണമെന്ന് അദ്ദേഹം ലോകമെമ്പാടുമുള്ള തമിഴരോട് അഭ്യർത്ഥിക്കുന്നുണ്ട്. തനിക്ക് ജന്മനാട്ടിലേക്ക് മടങ്ങണമെന്നും 32 വർഷമായി അമ്മയെ കണ്ടിട്ടില്ലെന്നും ശാന്തൻ പറയുന്നു.

“കഴിഞ്ഞ ആറ് മാസമായി ഞാൻ ട്രിച്ചി സെൻട്രൽ ജയിൽ കാമ്പസിനുള്ളിലെ പ്രത്യേക ക്യാമ്പിലാണ്. 120-ലധികം വിദേശികൾ പ്രത്യേക ക്യാമ്പിൽ താമസിക്കുന്നു, അവരിൽ 90 ഓളം പേർ ശ്രീലങ്കയിൽ നിന്നുള്ളവരാണ്. പ്രത്യേക ക്യാമ്പിൽ തമിഴർ, സിംഹളർ, മുസ്‌ലിംകൾ എന്ന വ്യത്യാസമില്ല. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മോചിപ്പിച്ച ഞങ്ങൾ നാലുപേരെ തകര ഷീറ്റ് കൊണ്ട് നിർമ്മിച്ച ജനലുകൾ ഇല്ലാത്ത അടച്ച മുറികളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഞാനും മുരുകനും ഒരു മുറിയിലാണെങ്കിൽ റോബർട്ട് പയസും ജയകുമാറും മറ്റൊരു മുറിയിലാണ്. ഈ മുറികൾ അടുത്തല്ല. അതുകൊണ്ട് തന്നെ നമുക്ക് പരസ്പരം സംസാരിക്കാനോ ഇടപഴകാനോ കഴിയുന്നില്ല” എന്ന് കത്തിൽ പറയുന്നു.

ഫോണിൽ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും ശാന്തൻ പറഞ്ഞു. രക്തബന്ധുക്കൾക്ക് മാത്രമേ അന്തേവാസികളെ കാണാൻ കഴിയൂ. തന്നെപ്പോലുള്ള ഒരു വിദേശിക്ക് എങ്ങനെ ഇന്ത്യയിൽ ഒരു രക്തബന്ധുമുണ്ടാകുമെന്ന് അദ്ദേഹം കത്തിൽ ചോദിക്കുന്നു. “32 വർഷമായി ഞാൻ അമ്മയെ കണ്ടിട്ടില്ല. എന്റെ പിതാവിന്റെ അവസാന നാളുകളിൽ അദ്ദേഹത്തോടൊപ്പം ഉണ്ടാകാൻ എനിക്ക് സാധിച്ചില്ല. അവസാന നാളുകളിൽ അമ്മയുടെ കൂടെ കഴിയണമെന്ന എന്റെ ആഗ്രഹം സാധിച്ചില്ലെങ്കിൽ പിന്നെ ആരും എന്നെ പിന്തുണക്കേണ്ടതില്ല” എന്ന് പറഞ്ഞു ശാന്തൻ കത്ത് ചുരുക്കുന്നു.

Related Articles

Latest Articles