Thursday, October 1, 2026

ഭക്തിയും സാങ്കേതികവിദ്യയും കൈകോര്‍ക്കുന്നു. ഖഡേ ഹനുമാന്‍ വിഗ്രഹം സുരക്ഷിതമായി മാറ്റാന്‍ ഐ.ഐ.ടി ഇന്ദോറിന്റെ സഹായം തേടി ഉജ്ജയിന്‍ നഗരസഭ

ഉജ്ജയിന്‍ : റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഉജ്ജയിനിലെ ചരിത്രപ്രസിദ്ധമായ ഖഡേ ഹനുമാന്‍ ക്ഷേത്രത്തിലെ വിഗ്രഹം സുരക്ഷിതമായി പുനഃപ്രതിഷ്ഠിക്കുന്നതിന് ഐ.ഐ.ടി (IIT) ഇന്ദോറിന്റെ വിദഗ്‌ധോപദേശം തേടി ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (UMC). വിഗ്രഹത്തിന് യാതൊരുവിധ കേടുപാടുകളും സംഭവിക്കാതെ മാറ്റാന്‍ കഴിയുമോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ.ഐ.ടി സംഘത്തോട് നഗരസഭ ആവശ്യപ്പെട്ടു.

കാന്തല്‍ സ്‌ക്വയര്‍ മുതല്‍ ഗോപാല്‍ മന്ദിര്‍ വരെയുള്ള റോഡ് 15 മീറ്ററോളം വീതികൂട്ടുന്ന പദ്ധതിയുടെ ഭാഗമായാണ് ക്ഷേത്രം നീക്കം ചെയ്യേണ്ടി വന്നത്. തുടക്കത്തില്‍ കട്ടറുകളും യന്ത്രസാമഗ്രികളും ഉപയോഗിച്ച് വിഗ്രഹം നീക്കാന്‍ ശ്രമിച്ചെങ്കിലും, ശക്തമായ പ്രയോഗം വിഗ്രഹത്തിന് നാശനഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഭക്തര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന്, ആധുനിക സാങ്കേതികവിദ്യയും വിദഗ്ധരുടെ സേവനവും ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രം വിഗ്രഹം മാറ്റണമെന്ന് ക്ഷേത്ര പൂജാരി മഹേഷ് ബൈരാഗിയും പ്രദേശവാസികളും മുന്‍സിപ്പല്‍ കമ്മീഷണര്‍ക്ക് നിവേദനം നല്‍കി. ഭരണകൂടത്തിന്റെ തീരുമാനത്തോട് എതിര്‍പ്പില്ലെന്നും എന്നാല്‍ വിഗ്രഹത്തിന്റെ സുരക്ഷിതത്വത്തിനാണ് മുന്‍ഗണനയെന്നും പൂജാരി വ്യക്തമാക്കി.

ഭക്തരുടെയും പൂജാരിയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ഐ.ഐ.ടി ഇന്ദോറില്‍ നിന്നുള്ള വിദഗ്ധ സംഘം ചൊവ്വാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയത്. വിഗ്രഹത്തിന്റെ അടിത്തറയുടെ ആഴവും ചുറ്റുമുള്ള മണ്ണും പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് സംഘം പഠനവിധേയമാക്കി. പരമാര രാജവംശത്തിന്റെ കാലഘട്ടത്തിലുള്ള വലിയ വിഗ്രഹങ്ങള്‍ ഇന്റര്‍ലോക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്ഥാപിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാള്‍വ മേഖലയില്‍ കാണപ്പെടുന്ന കടുപ്പമേറിയ ബസാള്‍ട്ട് (Basalt) ശിലയിലാണ് ഈ ഹനുമാന്‍ വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നത്.

ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വിഗ്രഹം നീക്കം ചെയ്യുന്ന തീയതിയും തുടര്‍നടപടിയും തീരുമാനിക്കൂ എന്ന് യു.എം.സി കമ്മീഷണര്‍ അഭിലാഷ് മിശ്ര അറിയിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് വിഗ്രഹം മാറ്റുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. താല്‍ക്കാലിക ആശ്വാസമെന്ന നിലയില്‍ വിഗ്രഹത്തെ സംരക്ഷിക്കാന്‍ നിലവില്‍ പന്തല്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles