Monday, May 6, 2024
spot_img

‘വാച്ച് യുവർ നെയ്ബർ’ പദ്ധതി നടപ്പാക്കുമെന്ന് ഡിജിപി;അയൽക്കാരിൽ അസ്വാഭാവികമായി എന്ത് കണ്ടാലും പോലീസിനെ അറിയിക്കണം

കൊച്ചി: ‘വാച്ച് യുവർ നെയ്ബർ’ പദ്ധതിയുമായി പോലീസ്.റെസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് പോലീസിന്റെ നേതൃത്വത്തിൽ ‘ വാച്ച് യുവർ നെയ്ബർ’ പദ്ധതി നടപ്പാക്കുമെന്ന് ഡിജിപി അനിൽകാന്ത്.അയൽക്കാരിൽ അസ്വാഭാവികമായി എന്ത് കണ്ടാലും പോലീസിനെ അറിയിക്കണം എന്നതാണ് ഈ പദ്ധതി.ജനമൈത്രി പോലീസിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

കൊച്ചിയിൽ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് പുതിയ പദ്ധതി നടപ്പാക്കുമെന്ന് ഡിജിപി അറിയിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് സെല്ലിന്റെ ബോധവത്കരണ പരിപാടികൾ റെസിഡൻസ് അസോസിയേഷനുകൾ വഴി വ്യാപിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി.

വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നവർ ഒരെണ്ണം റോഡിലെ കാഴ്ചകൾ പതിയും വിധം സ്ഥാപിക്കാൻ ശ്രദ്ധിക്കണമെന്നും ഇത്തരത്തിൽ ചെയ്യുന്നത് വഴി ഗുണം ചെയ്യുമെന്നും ഡിജിപി അറിയിച്ചു. ആവശ്യഘട്ടങ്ങളിൽ ഫോൺ വിളിക്കുമ്പോഴുള്ള പോലീസ് പ്രതികരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പോലീസ് സേവനങ്ങൾക്കായി 112 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെട്ടാൽ ഏഴ് മിനിറ്റിനകം പ്രതികരണം ലഭിക്കും.ഈ സമയം കുറയ്‌ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു. ആരോഗ്യമുള്ളവർ, കിടപ്പുരോഗികൾ, പ്രത്യേക പരിഗണന ആവശ്യമായവർ എന്നിങ്ങനെ പ്രായമായവരെ തരം തിരിച്ച് വയോജനങ്ങളുടെ കണക്കുകൾ പോലീസ് ശേഖരിക്കുന്നുണ്ട്.

Related Articles

Latest Articles