കോഴിക്കോട്: കേരളത്തിന്‍റെ സമുദ്രാതിർത്തിയിൽ തീപ്പിടിച്ച വാൻ ഹായ് 503 എന്ന കപ്പലിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ദുഷ്കരമാകുന്നു. കപ്പലിന്റെ മുഖ്യഭാഗവും തീ വിഴുങ്ങിയ നിലയിലാണെന്ന് പുറത്തുവന്ന അവസാന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിനടക്കുന്നതിനാല്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്ക് അപകടത്തില്‍പ്പെട്ട കപ്പലിനടുത്തേക്ക് എത്താന്‍ കഴിയാത്തതും പ്രതിസന്ധി സൃഷ്ടിയ്ക്കുന്നു. തീ ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു. കോസ്റ്റ് ഗാര്‍ഡും നാവികസേനയും സംയുക്തമായാണ് തീയണക്കലിനും രക്ഷാദൗത്യത്തിനും ശ്രമിക്കുന്നത്. കപ്പലിൽനിന്ന് കാണാതായ നാലുപേർക്കുവേണ്ടിയുള്ള രക്ഷാശ്രമം രാത്രിയിലും തുടരും.
കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലുമാണ് ഇപ്പോള്‍ രക്ഷാദൗത്യത്തിലുള്ളത്. അപകടം സംഭവിച്ച വാന്‍ഹായ് 503 കപ്പലിന് സമീപം ഐഎന്‍എസ് സത്‌ലജ് ഉണ്ട്. നേരത്തേ പോയ നാവികസേനയുടെ ഐഎന്‍എസ് സൂറത്ത് എന്ന കപ്പല്‍ ചരക്കുകപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരെയും രക്ഷപ്പെടുത്തി മംഗളൂരു തീരത്തേക്ക് പുറപ്പെട്ടു.

