പൊന്‍കുന്നം: പനമറ്റത്ത് പേപ്പട്ടി ശല്ല്യം രൂക്ഷം. ഇന്നലെ ഉച്ചകഴിഞ്ഞ് 15 പേര്‍ക്ക് നേരെ പേപ്പട്ടി ആക്രമണം ഉണ്ടായി. കടിയേറ്റ ഏഴുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും ചികിത്സതേടി. പേപ്പട്ടിയെ കണ്ട് ഓടുന്നതിനിടയില്‍ വീണ് പരിക്കേറ്റവരുമുണ്ട്.
പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തിയിരുന്നു. തുടർന്ന് വെടിവെയ്ക്കാന്‍ ആളെ വിളിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് പട്ടിയെ കുടുക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെടുകയായിരുന്നു. പനമറ്റം അമ്പലം കവലയിലെ ചായക്കടയ്ക്കുള്ളില്‍ കയറിയ പേപ്പട്ടി കടയുടമ തുടുപ്പയ്ക്കല്‍ ചന്ദ്രശേഖരന്‍ നായരെ കടിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജിയുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
വളര്‍ത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ചിട്ടുണ്ട്. വളര്‍ത്തുനായ്ക്കള്‍ക്കും മറ്റുമൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ടെങ്കില്‍ ഇളങ്ങുളത്തെ മൃഗാശുപത്രയിലെത്തിച്ച് ചികിത്സ നല്‍കണമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

